NEWS UPDATE

6/recent/ticker-posts

കുമ്പളയിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധത്തിൽ വർഗീയത കലർത്തി വ്യാജപ്രചാരണം; പോലീസിൽ പരാതി നൽകി എംഎസ്എഫ്

കാസർകോട്: കുമ്പളയിൽ വിദ്യാർത്ഥിനികൾ സ്റ്റോപ്പിൽ ബസ് നിർത്താൻ ആവശ്യപ്പെട്ട് പ്രതിഷേധിച്ച സംഭവത്തിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ എംഎസ്എഫ് ജില്ലാ കമ്മിറ്റി പോലീസിനെ സമീപിച്ചു.[www.malabarflash.com] 

കുമ്പളയിലെ സ്വകാര്യ കോളജ് വിദ്യാർത്ഥിനികളാണ് കോളേജിന് മുന്നിലെ സ്റ്റോപ്പിൽ ബസ് നിർത്തണമെന്നാവശ്യപ്പെട്ട് കുമ്പള ബസ് സ്റ്റാന്റിൽ ബസ് തടഞ്ഞ് പ്രതിഷേധിച്ചത്. സംഭവത്തെ വളച്ചൊടിച്ച് വർഗീയ താത്പര്യം കലർത്തി സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് എംഎസ്എഫ് ജില്ലാ കമ്മിറ്റി കുമ്പള പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.

പ്രതിഷേധത്തിനിടെ യാത്രക്കാരിയായ ഒരു സ്ത്രീയുമായി വിദ്യാർത്ഥിനികൾ വാക്കേറ്റം നടത്തിയിരുന്നു. ഇതാണ് ആനന്ദി നായർ എന്ന അക്കൗണ്ടിലൂടെ വർഗീയത കലർത്തി പ്രചരിപ്പിച്ചത്. ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ബുർഖ ധരിക്കാതെ ഉത്തര കേരളത്തിലെ ബസുകളിൽ യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നായിരുന്നു വ്യാജ പ്രചാരണം. ഇത് സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പരാതിയിൽ ആരോപിക്കുന്നു. അനിൽ ആന്റണിയുടേത് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവമായ നീക്കമാണെന്നും കേരളത്തിന്റെ മതേതരത്വത്തേയും മത സൗഹാർദ്ദത്തേയും ഇകഴ്ത്തി കാണിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലെന്നും എം.എസ്.എഫ് പരാതിയിൽ ചൂണ്ടിക്കാട്ടി.

കാസർകോട് ജില്ലയിലെ കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്ക്കര നഗറിൽ പ്രവർത്തിക്കുന്ന കൻസ വനിത കോളേജിലെ വിദ്യാർത്ഥിനികളാണ് ബസ് തടഞ്ഞ് പ്രതിഷേധിച്ചത്. വിദ്യാർത്ഥിനികൾ ഭൂരിഭാഗം പേരും പർദ്ദ ധരിച്ചവർ ആയത് കൊണ്ട് തന്നെ വർഗീയ ചുവയോടെയുള്ള കുറിപ്പുകളോടെ പ്രചരിപ്പിക്കുകയായിരുന്നു.

Post a Comment

0 Comments