NEWS UPDATE

6/recent/ticker-posts

'വസ്ത്രധാരണത്തിലേക്ക് ആരും കടന്നുകയറേണ്ടതില്ല'; അനില്‍കുമാറിനെ തള്ളി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടിനിലപാടില്‍നിന്ന് വ്യത്യസ്തമാണ്. ഇത്തരത്തില്‍ ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.[www.malabarflash.com]


വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യപരമായ അവകാശത്തിന്റെ ഭാഗമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന കാര്യംകൂടിയാണത്. അതിനാല്‍ത്തന്നെ അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടില്‍നിന്ന് വ്യത്യസ്തമാണ്. വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ല. ഇത്തരത്തില്‍ ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും എം.വി. ഗോവിന്ദന്‍ ഓര്‍മിപ്പിച്ചു.

വസ്ത്രം ധരിക്കുന്നവര്‍ ഏത് വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിക്കാനോ അതിന്റെ ഭാഗമായുള്ള കാര്യങ്ങളില്‍ വിമര്‍ശനാത്മകമായി എന്തെങ്കിലും ചൂണ്ടിക്കാണിക്കാനോ ആരും ആഗ്രഹിക്കുന്നതല്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗവും ഓരോരുത്തരുടെയും ഭരണഘടനാപരമായ അധികാരാവകാശങ്ങളില്‍പ്പെട്ടതുമാണ്. അനില്‍കുമാറിന്റെ പ്രസംഗം മുഴുവന്‍ അനുചിതമാണെന്നു പറയാനാവില്ല. വിവാദ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഹിജാബ് പ്രശ്‌നം ഉയര്‍ന്നുവന്ന സമയത്തുതന്നെ സി.പി.എം. അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രധാരണം ഓരോ വ്യക്തിയുടെയും ജനാധിപത്യാവകാശത്തിന്റെ ഭാഗമാണ്. മുസ്‌ലിംകളുടെ വസ്ത്രധാരണ കോടതിയുടെ പ്രശ്‌നമായി മാറ്റുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് നേരത്തേ കെ. അനില്‍കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും മുസ്ലിം സംഘടനകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

Post a Comment

0 Comments