NEWS UPDATE

6/recent/ticker-posts

ന്യൂസ് ക്ലിക് കേസ്; കേരളത്തിലും മാധ്യമപ്രവർത്തകയുടെ വീട്ടിൽ ഡൽഹി പോലീസിന്റെ റെയ്ഡ്

പത്തനംതിട്ട: കേരളത്തിലും ന്യൂസ് ക്ലിക്ക് ജീവനക്കാരിയുടെ വീട്ടിൽ ഡൽഹി പോലീസിന്റെ പരിശോധന. ന്യൂസ് ക്ലിക് വീഡിയോഗ്രാഫർ അനുഷ പോളിന്റെ പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിലാണ് പരിശോധന നടന്നത്.[www.malabarflash.com]

അനുഷയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. അനുഷയുടെ മൊഴി രേഖപ്പെടുത്തി. കേരള പോലീസിനെ അറിയിച്ച ശേഷമായിരുന്നു പരിശോധന.

ജനാധിപത്യ സ്വരങ്ങളെ ഭരണകൂടം ഭയക്കുകയാണ് എന്ന് അനുഷാ പോൾ റിപോർട്ടറിനോട് പ്രതികരിച്ചു. ഡൽഹി പോലീസ് അന്വേഷിച്ചത് ഡൽഹിയിലെ സമരങ്ങളെ കുറിച്ചാണ്. കർഷക സമരം,കോവിഡ് എന്നിവ റിപ്പോർട്ട് ചെയ്തതും ചോദിച്ചു. എന്താണ് തനിക്കു മേലുള്ള കുറ്റം എന്ന് ഇതുവരെ അറിയില്ല. എഴുതി തയ്യാറാക്കി കൊണ്ടുവന്ന സ്റ്റേറ്റ്മെന്റിൽ ഒപ്പിടുവിക്കുകയായിരുന്നു. എഴുതി ചേർത്ത വകുപ്പുകൾ എന്താണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. എന്നുമുതലാണ് ന്യൂസ് ക്ലിക്കിൽ ജോലി ചെയ്തത്, ചൈനയിൽ നിന്ന് ഫണ്ട് വാങ്ങുന്നുണ്ടോ എന്നൊക്കെ അന്വേഷിച്ചു. അന്വേഷണമായി സഹകരിക്കണമെന്നും എത്രയും വേഗം ഡൽഹിയിൽ എത്തണമെന്നും നിർദ്ദേശിച്ചതായും അനുഷ പറഞ്ഞു.

ന്യൂസ് ക്ലിക് ചൈനീസ് അനുകൂല പ്രചാരണം നടത്തുന്നതിനായി വിദേശഫണ്ട് കൈപ്പറ്റിയെന്നാണ് കേസ്. ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദില്ലി പോലീസിന്റെ എഫ്‌ഐആറില്‍ ഉള്ളത്. 2018 ഏപ്രില്‍ മുതല്‍ അനധികൃതമായി ക്രമവിരുദ്ധമായ മാര്‍ഗത്തില്‍ കോടികള്‍ ലഭിച്ചു. വിദേശത്തുനിന്ന് ലഭിച്ച ഈ പണം രാജ്യവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കാന്‍വേണ്ടി ഉപയോഗിച്ചു. വിദേശ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാന്‍ ശ്രമം നടത്തി. കാശ്മീരും അരുണാചല്‍ പ്രദേശും തര്‍ക്കപ്രദേശം എന്ന് വാര്‍ത്തകളിലൂടെ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഘത്തിന് ബന്ധമുള്ള സ്ഥാപനവുമായുള്ള ഇ-മെയില്‍ സന്ദേശം ഇതിന് തെളിവാണ്. People Alliance for Democracy and Secularism എന്ന ഗ്രൂപ്പുമായി ചേര്‍ന്ന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു. കോവിഡിനെ നേരിടാന്‍ കേന്ദ്രമെടുത്ത നടപടികളെ ഇകഴ്ത്തി കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ദില്ലി പോലീസ് എഫ്‌ഐആറില്‍ പറയുന്നു.

ബുധനാഴ്ചയാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയും എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായത്. തുടര്‍ന്ന് ഇരുവരെയും ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Post a Comment

0 Comments