NEWS UPDATE

6/recent/ticker-posts

ഭജനാലാപനം ആത്മീയസുഖദായകം: എടനീർ മഠാധിപതി

പാലക്കുന്ന്: ക്ഷേത്രങ്ങളിൽ നടക്കുന്ന ഭജനാലാപനങ്ങൾ ഭക്ത മനസുകളിൽ ആത്മീയസുഖദായാകമായ അനുഭൂതി പകരുന്നത് എല്ലാം മറന്ന് അത് ആസ്വദിക്കുമ്പോഴാണെന്ന് എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിജി അഭിപ്രായപ്പെട്ടു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജനസമിതിയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ദീപപ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]


ഓരോ കാലതാമസവും ദൈവീകമായ ഓരോ നിമിത്തങ്ങളാണെന്ന് , ഈ സുവർണ ജൂബിലി 5 വർഷം വൈകാനുള്ള കാരണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ആഘോഷ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി. എച്ച്. നാരായണൻ അധ്യക്ഷനായി.

ക്ഷേത്ര മാതൃസമിതിയുടെ 10008 ഫല-ഔഷധ സസ്യ തൈകളുടെ ഹരിത യജ്‌ഞം പദ്ധതി , ക്ഷേത്ര പൂജാരിക്ക് രക്ത ചന്ദന തൈ കൈമാറി മഠാധിപതി തുടക്കം കുറിച്ചു.

ഫോക് ലോർ അവാർഡും ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ കലാരത്ന പുരസ്‌ക്കാരവും നേടിയ അരവത്ത് പി. നാരായണനെ ആദരിച്ചു. ആയുർവേദത്തിലും അലോപ്പതിയിലും ബിരുദം നേടിയ കരിപ്പോടി കളത്തിൽ ഹൗസിൽ ഡോ. ശ്യാം പ്രസാദിനെ അനുമോദിച്ചു.
ഉച്ചില്ലത്ത് കെ. യു. പദ്മനാഭ തന്ത്രി അനുഗ്രഹ ഭാഷണം നടത്തി . 

സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ക്ഷേത്രം കോയ്‌മ കുമാരൻ നായർ, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്‌ ഉദയമംഗലം സുകുമാരൻ, വൈസ് പ്രസിഡന്റ് ടി. രാമൻ, ജനറൽ സെക്രട്ടറി പി. പി. ചന്ദ്രശേഖരൻ, സെക്രട്ടറി അച്യുതൻ ആടിയത്ത്, കെ. അപ്പകുഞ്ഞി വൈദ്യർ, ഗംഗാധരൻ പള്ളം, എന്നിവർ പ്രസംഗിച്ചു. 

ഞായറാഴ്ച രാവിലെ ക്ഷേത്ര സംഘത്തിന്റെ ലളിതാസഹസ്രനാമ പാരായണത്തിന് ശേഷം വിവിധ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഭജന സമിതികൾ രണ്ടു മണിക്കൂർ വീതം ഉദയം മുതൽ അസ്തമയം വരെ തിരുനടയിൽ ഭജന നടത്തി. വൈകീട്ട് മേലേ ക്ഷേത്രത്തിലെത്തിയ വിശിഷ്ടാതിഥികളെ പൂർണ കുംഭത്തോടെയാണ്‌ ഭണ്ഡാര വീട്ടിലേക്ക് ഘോഷയാത്രയായി ആനയിച്ചത്.

തിങ്കളാഴ്ച്ച രാവിലെ ഹരിത യജ്‌ഞം പദ്ധതിയുടെ ഭാഗമായി ഭണ്ഡാരവീട് പറമ്പിൽ സുനീഷ് പൂജാരിയും കുഞ്ഞിക്കണ്ണൻ ആയത്താരും ചേർന്ന് മാതൃസമിതിയുടെ നേതൃത്വത്തിൽ ചെടികൾ നട്ടു. തുടർന്നുള്ള ദിവസങ്ങളിൽ കഴകത്തിലെ മുഴുവൻ വീടുകളിലും 32 പ്രാദേശിക മാതൃസമിതികളുടെ നേതൃത്വത്തിൽ തൈകൾ വിതരണം ചെയ്യുമെന്നും തൈകളുടെ പരിപാലനം ഉറപ്പുവരുത്താൻ സ്‌കോഡുകളും ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments