NEWS UPDATE

6/recent/ticker-posts

തലയിരിക്കുമ്പോൾ വാലാടേണ്ട; സമസ്ത നേതാക്കൾക്ക് ലീഗിനോട് പ്രതിഷേധമില്ലെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം നടത്തിയെന്നുപറയുന്ന പരാമർശത്തിന്റെ പേരിൽ സമസ്തയുടെ ഒരു നേതാവും പ്രതിഷേധമറിയിച്ചിട്ടില്ലെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.[www.malabarflash.com]

കഴിഞ്ഞദിവസംപോലും സമസ്തയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളുമായി കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവരാരും ഒരു പ്രതിഷേധവും അറിയിച്ചിട്ടില്ല. അതുകൊണ്ട്, ‘തലയിരിക്കുമ്പോൾ വാലാടേണ്ട കാര്യമില്ലെ’ന്ന് സമസ്തയുടെ യുവജനസംഘടനകളുടെ പ്രതിഷേധങ്ങളെ പരോക്ഷമായി വിമർശിച്ച് അദ്ദേഹം പറഞ്ഞു.

ഒരു സംഘടനയും നേതാക്കളും തനിക്ക് കത്തുനൽകിയിട്ടില്ല. മാധ്യമങ്ങൾ വഴിയാണ് ഇക്കാര്യം അറിഞ്ഞത്. കത്ത് നേരിട്ടുതരേണ്ടതാണ്. അല്ലാത്ത വിഷയങ്ങളിൽ മറുപടിപറയേണ്ട കാര്യമില്ല. സമസ്തയുടെ മസ്തിഷ്കം ലീഗിനൊപ്പമാണ്. സമസ്തയുടെ ഏതെങ്കിലും നേതാക്കളെ ഉദ്ദേശിച്ചല്ല താൻ സംസാരിച്ചതെന്ന് സലാം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. അതാണ് വിശ്വസിക്കേണ്ടത് -സാദിഖലി തങ്ങൾ പറഞ്ഞു.

പലസ്തീനിൽ ഖുദ്‌സ് (അൽ അഖ്സാ പള്ളി ഇരിക്കുന്ന സ്ഥലം) മോചനമാണ് വിഷയമെന്നും അതിനുവേണ്ടിയാണ് പലസ്തീനികൾ പോരാടുന്നതെന്നും തങ്ങൾ പറഞ്ഞു. ഹമാസിന് തീവ്രവാദമുണ്ടെങ്കിൽ അതിനേക്കാൾ വലിയ തീവ്രവാദം ഇസ്രായേലിനുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments