തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ കേരളത്തിൽ ഓടുന്ന കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റ് സഹയാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സെപ്റ്റംബര്‍ മാസം എം.പിമാരുടെയും എം.എല്‍.എമാരുടെയും വാഹനങ്ങള്‍ നിയമലംഘനം നടത്തിയത് 56 തവണയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.[www.malabarflash.com]
എ.ഐ. ക്യാമറ പിഴയീടാക്കിയതുമായി ബന്ധപ്പെട്ടും അപകടങ്ങളുടെ എണ്ണം കുറഞ്ഞതുമായി ബന്ധപ്പെട്ടും ഗതാഗതമന്ത്രിയും വകുപ്പും വെളിപ്പെടുത്തിയ കണക്കുകളില്‍ ചില ക്രമക്കേടുകളുണ്ടെന്നും തെറ്റുണ്ടെന്നുമുള്ള ആരോപണം കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. സഭയില്‍വെച്ച രേഖയും മോട്ടോര്‍ വാഹനവകുപ്പിന്റെയും പോലീസിന്റെയും രേഖയും കോടതിയില്‍ കൊടുത്ത രേഖയും പലതാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഈ വിഷയത്തിലും മന്ത്രി വിശദീകരണം നല്‍കി.
102 കോടി രൂപയുടെ ചെലാനാണ് ഇതുവരെ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ മുതലുള്ള കണക്കാണിത്. ഇതില്‍ 14.88 കോടി പിഴയായി പിരിഞ്ഞുകിട്ടി. നിയമലംഘനം നടത്തിയതായി ക്യാമറയില്‍ പതിഞ്ഞ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ചെലാന്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി..
ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം നേരത്തെ തന്നെ വന്നതാണ്. നടപ്പാക്കുന്നതിന് കുറച്ച് സാവകാശം നല്‍കാമെന്നായിരുന്നു നിലപാട്. ഇപ്പോൾ നവംബര്‍ ഒന്നു മുതല്‍ കേരളത്തിലൂടെ ഓടുന്ന എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുകയാണ്.
0 Comments