NEWS UPDATE

6/recent/ticker-posts

'ആഭിചാരക്രിയ, ശല്യമുണ്ടാക്കുന്ന പൂജ'; അന്വേഷിക്കാനെത്തിയ വനിതാ എസ്ഐയെ ആക്രമിച്ചു, 3 സ്ത്രീകൾക്ക് 7 വർഷം തടവ്

ആലപ്പുഴ: കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരാതിയില്‍ അന്വേഷണം നടത്താന്‍ എത്തിയ വനിതാ പോലീസ് ഇന്‍സ്പെക്ടറെ ആക്രമിച്ച പ്രതികള്‍ക്ക് തടവുശിക്ഷ. ആതിര (20), അമ്മ ശോഭന (44) ശോഭനയുടെ സഹോദരി രോഹിണി (42) എന്നിവരെയാണ് 7 വർഷത്തേക്ക് തടവിന് കോടതി ശിക്ഷിച്ചത്.[www.malabarflash.com]

പാലമേൽ ഉളവുക്കാട് വൻമേലിത്തറ വീട്ടിൽ ആഭിചാരക്രീയകളും രാത്രി പൊതു ശല്യമുണ്ടാക്കുന്ന പൂജകളും നടക്കുന്നുവെന്ന് നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിരുന്നു.

കളക്ടറുടെ നിർദ്ദേശപ്രകാരം അന്വേഷിക്കാൻ സ്ഥലത്തെത്തിയ ആലപ്പുഴ വനിതാ സെൽ ഇൻസ്പെക്ടർ മീനാകുമാരിയും വനിതാ പോലീസ് ഉദ്ദ്യോഗസ്ഥർക്കും നേരെ യുവതികള്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു. പോലീസെത്തുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ആതിര (20), അമ്മ ശോഭന (44) ശോഭനയുടെ സഹോദരി രോഹിണി (42) എന്നിവർ കമ്പി വടികൊണ്ട് വനിതാ ഇൻസ്പെക്ടറേയും തടയാൻ ചെന്ന കൂടെയുണ്ടായിരുന്ന വനിതാ സിവിൽ പോലീസ് ഓഫീസർ ലേഖയേയും ആക്രമിക്കുകയായിരുന്നു. അടിയേറ്റ് ഇൻസ്പെക്ടറുടെ വലതു കൈവിരൽ ഒടിഞ്ഞു.

തുടര്‍ന്ന് പരിക്കേറ്റ ഇരുവരെയും നൂറനാട് പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേസിന്റെ അന്വേഷണം മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ പി ശ്രീകുമാറിനായിരുന്നു. പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് എസ് വീണയാണ് ശിക്ഷ വിധിച്ചത്. 

ആതിര, ശോഭന, രോഹിണി എന്നിവക്ക് 7 വർഷത്തേക്ക് കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതികളെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർമാരായ പി സന്തോഷ്, ഇ നാസറുദ്ദീൻ, കെ സജികുമാർ എന്നിവർ ഹാജരായി.

Post a Comment

0 Comments