NEWS UPDATE

6/recent/ticker-posts

മുന്‍ പങ്കാളിയായ വ്യവസായിയെ കൊല്ലാന്‍ ഗള്‍ഫില്‍ നിന്ന് ക്വട്ടേഷന്‍; രണ്ടുപേര്‍ പിടിയില്‍

അടിമാലി: ഗള്‍ഫ് വ്യവസായിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേരെ അറസ്റ്റുചെയ്തു. പാലക്കാട് നോര്‍ത്ത് പുത്തന്‍പീടികയില്‍ അമീര്‍ അബ്ബാസ് (25), ഖാദര്‍ മന്‍സിലില്‍ ഫാസില്‍ (26) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


കോട്ടയം ഏറ്റുമാനൂര്‍ ഷെമി മന്‍സിലില്‍ ഷെമീര്‍ മുസ്തഫയെയാണ് ഇവര്‍ കൊല്ലാന്‍ ശ്രമിച്ചത്. മുന്‍പ് ഷെമീറിനൊപ്പം കച്ചവടം നടത്തിയിരുന്ന ജമീല്‍ മുഹമ്മദാണ്, നാലുലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. കേസില്‍ ആറ് പ്രതികളുണ്ട്. 15 വര്‍ഷം ഗള്‍ഫിലും സ്വദേശത്തുമായി വ്യവസായം നടത്തുന്ന ഷെമീറിന് കുരിശുപാറയില്‍ ഒരു റിസോര്‍ട്ടുണ്ട്. ഇവിടെനിന്ന് ഏറ്റുമാനൂരിലെ വീട്ടിലേക്ക് പോകുംവഴി സെപ്റ്റംബര്‍ 16-ന് വൈകീട്ട് ഏഴോടെ നേര്യമംഗലം റാണിക്കല്ലിന് സമീപത്താണ് ആക്രമിച്ചത്.

ക്വട്ടേഷന്‍സംഘം അവരുടെ വാഹനം ഷെമീറിന്റെ വാഹനത്തില്‍ ഇടിപ്പിച്ചു. തുടര്‍ന്ന് കൊല്ലാനും ശ്രമിച്ചു. ആളുകള്‍ കൂടിയതോടെ പ്രതികള്‍ ഓടിപ്പോയി.

പോലീസ് പറയുന്നത് ഇങ്ങനെ: ഷെമീര്‍ മുസ്തഫയും ജമീല്‍ മുഹമ്മദും 15 വര്‍ഷമായി ഗള്‍ഫിലും സ്വദേശത്തും കൂട്ടുകച്ചവടം നടത്തുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഇരുവരും കൂട്ടുകച്ചവടം പിരിഞ്ഞു.

ഷെമീര്‍ ജമീലിന് 150 കോടിയോളം രൂപയും കേരളത്തിലെ ഒരു കമ്പനിയും നല്‍കി. എന്നാല്‍, നല്‍കിയ തുക കുറഞ്ഞുപോയെന്നും ബിസിനസില്‍ തന്നെ ചതിച്ചുവെന്നുമുള്ള ചിന്തയില്‍ ജമീല്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഷെമീറിനെ കൊല്ലാന്‍, ഗള്‍ഫില്‍ ഇരുന്ന് ജമീലും ഇയാളുടെ മാനേജര്‍ ഷാക്കിര്‍ അഷറഫും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്. പാലക്കാട് സ്വദേശികളുടെ ക്വട്ടേഷന്‍ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്.

ക്വട്ടേഷന്‍ ആസൂത്രണം ചെയ്ത ജമീലും ഷാക്കിറും ഇപ്പോഴും ഗള്‍ഫിലാണ്. ഇടുക്കി ഡിവൈ.എസ്.പി. ജിന്‍സണ്‍ മാത്യുവിന്റെ നിര്‍ദേശപ്രകാരം, അടിമാലി സി.ഐ. ക്ലീറ്റസ് കെ.ജോസഫ്, എസ്.ഐ. അബ്ദുള്‍ ഖാദര്‍, എ.എസ്.ഐ. പി.എം. അബ്ബാസ്, ഒ.പി.രാജേഷ്, സി.പി.ഒ. ദീപു എന്നിവര്‍ ചേര്‍ന്നാണ് പാലക്കാട്ടുനിന്നും പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments