NEWS UPDATE

6/recent/ticker-posts

യു എ ഇയിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് യുവ പ്രവാസികൾ മരിച്ചു

ദുബൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് കണ്ണൂർ സ്വദേശികൾ യു എ ഇയിൽ മരിച്ചു. നാറാത്ത് സ്വദേശി എം കെ പി റഫീഖ് (45), അഴീക്കോട് കപ്പകടവ് സ്വദേശി ശൂറൂഖ് (38) എന്നിവരാണ് മരിച്ചത്.[www.malabarflash.com]


നെഞ്ചുവേദനയെ തുടര്‍ന്ന് റഫീഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബസമേതം ദുബൈയില്‍ താമസിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. പരേതനായ മഠത്തില്‍ വളപ്പില്‍ മൊയ്തീന്‍- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: പി കെ നൂറ. മക്കള്‍: ആഇശ, മുഹമ്മദ് നാഫിഅ് (ദുബൈ മർകസ് മദ്റസ വിദ്യാർഥി), ഹവ്വ. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഷാർജയിൽ വെച്ചാണ് ശൂറൂഖ് മരിച്ചത്. ഞായറാഴ്ച രാത്രി താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ഖാസിമിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ദുബൈയിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ഇബ്റാഹീം, മാതാവ്: സാബിറ. ഭാര്യ: ഷൈമത്ത്. മയ്യിത്ത് നാട്ടിലെത്തിച്ചു ഖബറടക്കം നടത്തി.

യു എ ഇയിൽ യുവാക്കളിലെ ഹൃദയാഘാതം ആശങ്കജനകമാംവിധം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസത്തിനിടെ ഗൾഫിലെ പ്രവാസി സമൂഹത്തിനിടയിൽ ഹൃദയാഘാതം കാരണം നിരവധിപേരാണ് മരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ 10,000 ചെറുപ്പക്കാരില്‍ 70-80 പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊവിഡിന് ശേഷം ഇത്തരം കേസുകൾ വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Post a Comment

0 Comments