കളമശ്ശേരി സ്‌ഫോടനത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ, ആരാണ് എറണാകുളം സ്വദേശിയായ ഡൊമിനിക് മാർട്ടിൻ എന്നതാണ് എല്ലാവരും അന്വേഷിക്കുന്നത്. സ്‌ഫോടനത്തിന് ശേഷം തൃശൂർ കൊടകര പോലീസിൽ കീഴടങ്ങുന്നതിന് മുൻപ് മാർട്ടിൻ ഫേസ്‌ബുക്കിൽ ഇട്ട വിഡിയോ അതിനുള്ള ഉത്തരമാണ്. എന്നാൽ ഇപ്പോൾ ആ പോസ്റ്റ് ലഭ്യമല്ല, അന്വേഷണത്തിന്റെ ഭാഗമായി പോലീസ് തന്നെ അത് ഡിലീറ്റ് ചെയ്‌തിട്ടുണ്ട്.[www.malabarflash.com]
16 വർഷത്തോളം താൻ ഈ പ്രസ്ഥാനത്തിന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയാണെന്നും ഇത് തെറ്റായ പ്രസ്ഥാനമാണെന്നും ഇതിലെ പഠിപ്പിക്കലുകൾ രാജ്യദ്രോഹപരമാണെന്നുമാണ് മാർട്ടിൻ വിഡിയോയിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അത് തിരുത്തണമെന്ന് പലവട്ടം അവരോട് ആവശ്യപ്പെട്ടിട്ടും അത് ചെയ്യാൻ അവരാരും തയ്യാറാവാത്തതിനാലാണ് താൻ സ്ഫോടനം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ന്യായം.
രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് മാർട്ടിൻ സ്‌ഫോടനം നടത്തിയത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ അവസാനിക്കാനിരിക്കെയായിരുന്നു മാർട്ടിന്റെ സ്‌ഫോടനം. സംഭവത്തിൽ ലിബിന എന്ന സ്ത്രീയാണ് മരിച്ചത്. പൊട്ടിത്തെറിയിൽ 52 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അഞ്ചുവർഷം മുൻപ് യഹോവ വിശ്വാസം അവസാനിപ്പിച്ചയാളാണ് മാർട്ടിൻ. ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും എത്തിയത്. ഞായറാഴ്ച രാവിലെ അഞ്ചുമണിക്കാണ് മാർട്ടിൻ വീട്ടിൽ നിന്ന് പോയത്. നേരത്തെ തമ്മനത്ത് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടത്തിയിരുന്നു ഇദ്ദേഹം. കൂട്ടുകാരന്റെ വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞാണ് രാവിലെ വീട്ടിൽ നിന്നിറങ്ങിയതെന്ന് ഭാര്യയും മകളും പറയുന്നു. പ്രതിയുടെ കൈയ്യിൽ നിന്ന് സ്ഫോടനം നടത്തിയ റിമോട്ട് കണ്ടെത്തിയിട്ടുണ്ട്. ഇന്റർനെറ്റിൽ നിന്നാണ് സ്ഫോടനം നടത്തേണ്ടത് എങ്ങനെയെന്ന് ഇയാൾ പഠിച്ചത്.
ഭൂമിയിലെ എല്ലാവരും നശിച്ചുപോകും, യഹോവ സാക്ഷികൾ മാത്രം ജീവിക്കും എന്നാണിവർ പഠിപ്പിക്കുന്നതെന്നാണ് മാർട്ടിൻ ആരോപിക്കുന്നത്. 850 കോടി ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന ഒരു വിഭാഗത്തെ എന്താ ചെയ്യുക, തെറ്റായ ഈ ആശയത്തിന് എതിരെ തനിക്ക് പ്രതികരിച്ചേ പറ്റൂ, ഈ പ്രസ്ഥാനം രാജ്യത്തിന് അപകടകരമാണെന്ന് മനസിലാക്കിയതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത് എന്നാണ് മാർട്ടിൻ വീഡോയിൽ വിശദീകരിക്കുന്നത്.
ഒരാളെങ്കിലും പ്രതികരിച്ചില്ലെങ്കിൽ ഇവരുടെ ആശയം ശെരിയാണെന്ന് ആൾക്കാർക്ക് തോന്നുമെന്നും അതിനാലാണ് സ്ഫോടനം നടത്തിയതെന്നും ഇയാൾ പറയുന്നു. ഈ പ്രസ്ഥാനം നമ്മുടെ നാട്ടിൽ ആവശ്യമില്ലെന്നുള്ള പൂർണ ബോധ്യത്തോടെയാണ് ഇത് പറയുന്നതെന്നും മാർട്ടിൻ പറയുന്നു. കേസിൽ യുഎപിഎ, കൊലപാതകം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങി ഗുരുതര വകുപ്പുകളാണ് മാർട്ടിന് എതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ ഇതാദ്യമായല്ല യഹോവയുടെ സാക്ഷികളുടെ സഭയിൽ നിന്ന് പുറത്തുപോയവർ സഭാംഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത്. പല രാജ്യങ്ങളിലും ഇത്തരത്തിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ജർമനിയിൽ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിലുണ്ടായ വെടിവയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഹാംബർഗ് നഗരത്തിലെ യഹോവയുടെ സാക്ഷികളുടെ ആരാധനാ ഹാളിലാണ് വെടിവയ്പ്പുണ്ടായത്. യഹോവായ സാക്ഷികളുടെ സഭയിൽ നിന്ന് പുറത്തുപോയ 35കാരനായ ജർമൻ പൗരനാണ് അന്ന് ആക്രമണം നടത്തിയത്. ഓട്ടോമാറ്റിക് പിസ്റ്റളുപയോഗിച്ചായിരുന്നു വെടിവയ്പ്. ആക്രമണത്തിൽ ഏഴുമാസം ഗർഭിണിയായ യുവതിയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു.
2022ലാണ് യുഎസിലെ തോൺടണിലും യഹോവായ സാക്ഷികളുടെ രാജ്യഹാളിൽ വച്ച് ആക്രമണം നടന്നത്. മുൻ യഹോവായ സഭാംഗമായ എനോച്ച് അപോഡാക്ക രാജ്യഹാളിൽ വച്ച് തന്റെ ഭാര്യയെ വെടിവച്ച് കൊല്ലുകയും സ്വയം വെടിയുതിർക്കുകയുമായിരുന്നു. കൊലപാതകത്തിന് മുൻപ് പ്രതി പ്രാർത്ഥനാ ഹാളിന്റെ അകത്തേക്ക് ജനൽ വഴി ചെറിയ സ്ഫോടകവസ്തുക്കളും എറിഞ്ഞിരുന്നു. സംഭവം നടക്കുന്നതിന് തലേദിവസം തനിക്ക് യഹോവായ സാക്ഷികളുടെ സഭയിലേക്ക് മടങ്ങിവരാൻ ആഗ്രഹമുണ്ടെന്നും സഭാവക്താക്കളോട് ഇതേക്കുറിച്ച് സംസാരിക്കുമെന്നും പ്രതി പറഞ്ഞതായാണ് പൊലീസ് നൽകിയ വിവരം.
2018ൽ പലതവണ വാഷിംഗ്ടണിൽ യഹോവയുടെ സാക്ഷികളുടെ ആരാധനാലയത്തിന് നേരെ ആക്രമണമുണ്ടായി. 50 കാരനായ മൈക്കി ഡയമണ്ട് സ്റ്റാറെറ്റ് വാഷിംഗ്ടണിലെ യെൽമിലെ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ വെടിവയ്പ്പ് നടത്തുകയായിരുന്നു. 2018ൽ മാത്രം വാഷിങ്ടണിൽ സമാനമായ അഞ്ച് ആക്രമണങ്ങളുണ്ടായത്. ഒളിമ്പിയയുടെ തെക്ക് തുംവാട്ടറിലെ ഒരാജ്യഹാളിനും ഒളിമ്പിയയിലെ കെയ്ൻ റോഡ് കിംഗ്ഡം ഹാളിനും ലേസിയിലെ യഹോവ സാക്ഷികളുടെ രാജ്യഹാളിനും നേരെയായിരുന്നു ആക്രമണങ്ങൾ. ഇപ്പോഴിതാ കേരളത്തിലും സമാനമായ തരത്തിൽ ആക്രമണമുണ്ടായിരിക്കുന്നു. പിന്നിൽ മാർട്ടിനെന്ന കൊച്ചി സ്വദേശിയും.
0 Comments