ബദിയടുക്ക: മൂന്ന് മാസം തുടർച്ചയായി സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് കാർ ഉടമക്ക് ഭീമൻ തുക പിഴയിട്ട് എ.ഐ കാമറ. ബദിയടുക്ക ചെന്നാർക്കട്ട സ്വദേശിനി ഉമൈറ ബാനുവിനാണ് ഭീമൻതുക പിഴയടക്കാനുള്ള നോട്ടീസുകൾ ലഭിച്ചത്. ഇവരുടെ കെ.എൽ. 14 വൈ 6737 രജിസ്ട്രേഷൻ നമ്പറുള്ള കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ചിത്രവും പിഴയടക്കാനുള്ള നോട്ടീസിനൊപ്പം ലഭിച്ചിരുന്നു.[www.malabarflash.com]
ഏകദേശം 149 നോട്ടീസാണ് ഇവർക്ക് മൂന്ന് മാസത്തിനിടെ ലഭിച്ചത്. ഇതിനെല്ലാം പിഴയായി 74,500 രൂപയും. സംഭവം ഇങ്ങനെ: ഉമൈറ ബാനുവിന്റെ പിതാവ് തടി മില്ലിന്റെ ഉടമയാണ്. വീടും മില്ലും തമ്മിൽ അരക്കിലോമീറ്റർ മാത്രമേയുള്ളു. ഇതിനിടയിലായുള്ള എ.ഐ കാമറയിൽനിന്നുള്ള പിഴയാണ് ഉമൈറ ബാനുവിന് ലഭിച്ചത്. എന്നാൽ, പിഴയോടൊപ്പം വന്ന ചിത്രത്തിൽ ഉമൈറ ബാനുവിന്റെ പിതാവ് അബൂബക്കർ ഹാജിയാണ് വാഹനം ഓടിക്കുന്നത്. 74 വയസ്സുണ്ട് അബൂബക്കർ ഹാജിക്ക്. ഒരു ദിവസം കുറഞ്ഞത് നാല് പ്രാവശ്യമെങ്കിലും അബൂബക്കർ വീട്ടിലേക്കും മില്ലിലേക്കും പോയി വരാറുണ്ട്. ഈ യാത്രകളെല്ലാം സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ തന്നെ. ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിലാണ് 149 നോട്ടീസുകൾ വന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം ഇനിയും പിഴ വരാനുണ്ട്.
പിഴയുടെ കാര്യമറിയിച്ച് നിരന്തരം സന്ദേശം അയച്ചെങ്കിലും ആരും പിഴ അടച്ചില്ല. പിന്നീട് ഫോണിൽ വിളിച്ചപ്പോൾ ലഭ്യമാകാത്തതിനെ തുടർന്ന് തപാൽ മാർഗം അയച്ചു തുടങ്ങി. ഓരോ ദിവസവും പോസ്റ്റ്മാൻ മൂന്നും നാലും നോട്ടീസുകൾ വീട്ടിലെത്തിക്കാൻ തുടങ്ങി. ഇതുവരെ ലഭിച്ച ആകെ പിഴയാണ് 74,500 രൂപ.
0 Comments