NEWS UPDATE

6/recent/ticker-posts

ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് ഡിസംബര്‍ 22 മുതല്‍ പുതുവര്‍ഷപ്പുലരിവരെ

ബേക്കല്‍: ഈ വര്‍ഷത്തെ ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ ഡിസംബര്‍ 22ന് ആരംഭിച്ച് ഡിസംബര്‍ 31-ന് രാത്രി പുതുവര്‍ഷത്തെ വരവേറ്റ് പര്യവസാനിക്കുകയാണ്. കേരളത്തിലെ വിനോദസഞ്ചാര സാംസ്‌കാരിക ചരിത്രത്തില്‍ ഇതിനകം അടയാളപ്പെടുത്തിക്കഴിഞ്ഞ ഒന്നാം ബീച്ച് ഫെസ്റ്റിവലിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ രണ്ടാം ബീച്ച് ഫെസ്റ്റിവലിന് ഇത്തവണയും ചരിത്രമുറങ്ങുന്ന ബേക്കല്‍ കടലോരം സാക്ഷ്യം വഹിക്കുന്നത്.[www.malabarflash.com]

ആടിയും പാടിയും കളിച്ചും രസിച്ചും ഉല്ലസിച്ചും അത്ഭുത കാഴ്ചകള്‍ കണ്ടും സാഹസിക വിനോദങ്ങളിലേര്‍പ്പെട്ടും ആബാലവൃദ്ധം ജനങ്ങള്‍ ബേക്കലിനെ ഉത്സവത്തിമിര്‍പ്പിലാഴ്ത്തിയ നിത്യവിസ്മയമായ മധുരമൂറുന്ന കാഴ്ചകള്‍ സമ്മാനിച്ചാണ് ഒന്നാം ബീച്ച് ഫെസ്റ്റിവല്‍ വമ്പിച്ച ജനപങ്കാളിത്തത്തോടെ പര്യവസാനിച്ചത്.

ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും (ബി.ആര്‍.ഡി.സി), ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, ടൂറിസം വകുപ്പും, കുടുംബശ്രീ മിഷനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ കമ്മിറ്റിയും ചേര്‍ന്ന് നേതൃത്വം നല്‍കുന്ന ബേക്കല്‍ ഫെസ്റ്റിവല്‍ വിജയകരമായി നടത്തുന്നതിന് അതിവിപുലമായ ഒരു സംഘാടകസമിതി ഇതിനകം പ്രവര്‍ത്തിച്ചുവരികയാണ്. 

ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു ചെയര്‍മാനും ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് ഫെസ്റ്റിവലിന് ചുക്കാന്‍ പിടിക്കുന്നത്.

ആദ്യ ഫെസ്റ്റിവലില്‍ സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകളെയും മറികടന്നുളള ജനപങ്കാളിത്തമാണ് ഉത്‌സവ നഗരിയില്‍ അനുഭവപ്പെട്ടത്. അതുകൊണ്ടുതന്നെ സംഘാടനത്തില്‍ നേരിട്ട എല്ലാ പിഴവുകളും പരിഹരിച്ചുകൊണ്ടുള്ള ഫെസ്റ്റിവലാണ് ഇക്കുറി ആസൂത്രണം ചെയ്തിരിക്കുന്നത്.

കേരളീയ ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറികഴിഞ്ഞ കുടുംബശ്രീ ജില്ലാമിഷന്‍ ഈ ഫെസ്റ്റിവലിലും മുമ്പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഫെസ്റ്റിവലിന്റെ ടിക്കറ്റ് വില്‍പന ഇത്തവണയും കുടുംബശ്രീക്ക് തന്നെയാണ്. ഇതുവഴി ജില്ലയിലെ മുഴുവന്‍ അയല്‍ കൂട്ടങ്ങളിലും വീടുകളിലും ഫെസ്റ്റിവലിന്റെ സന്ദേശം എത്തിക്കാന്‍ കുടുംബശ്രീ ജില്ലാമിഷന്‍ സത്വര നടപടികളുമായി മുന്നിട്ടിറങ്ങുകയാണ്. 

ഫെസ്റ്റിവല്‍ നാളുകളില്‍ ശുചിത്വ പരിപാലനത്തിന് പ്രതിബദ്ധതയോടെ മുന്നിട്ടിറങ്ങിയ ജില്ലയിലെ ഹരിത കര്‍മ്മസേന ഇക്കുറി കുടുംബശ്രീയുമായി കൈകോര്‍ത്ത് പിടിച്ചുള്ള പ്രവര്‍ത്തനങ്ങളും നടത്തും. ബീച്ച് പാര്‍ക്കിന്റെ നടത്തിപ്പും പരിപാലനവും ഏറ്റെടുത്ത ഖത്തര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പാണ് ഫെസ്റ്റിവലിലെ വാണിജ്യ വ്യാപാര ഭക്ഷ്യമേളകളും അമ്യൂസ്‌മെന്റ് പാര്‍ക്കും സജ്ജമാക്കുന്നത്. കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ബീച്ചിലെ റെഡ്മൂണ്‍ പാര്‍ക്കും ഫെസ്റ്റിവലിലുണ്ട്.

ഉത്സവ നഗരിയില്‍ രണ്ട് സ്റ്റേജുകളിലായി എല്ലാ ദിവസവും വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. മുഖ്യവേദിയില്‍ ഇത്തവണയും ബേക്കലിന് മറക്കാനാവാത്ത കലാനിശകളുണ്ടാകും. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര,നടിയും നര്‍ത്തകിയുമായ ശോഭന, പ്രിയ ഗായകന്‍ എം.ജി. ശ്രീകുമാര്‍, ലോകപ്രശസ്ത ഡ്രം വാദകന്‍ ശിവമണിയുമാണ് ഈ ഫെസ്റ്റിവലിലെ മുഖ്യ സെലിബ്രിറ്റികള്‍. എല്ലാ ദിവസവും വൈകിട്ട് 5.30ന് പരിപാടികള്‍ ആരംഭിക്കും.

ഡിസംബര്‍ 22ന് യുവാക്കളുടെ ഹരമായി മാറിയ മ്യൂസിക്കല്‍ ബാന്റായ തൈക്കുടം ബ്രിഡ്ജ് ആദ്യ ദിനത്തിലെ പരിപാടി അവതരിപ്പിച്ചുകൊണ്ട് പത്ത് ദിവസം നീളുന്ന കലാമേളയ്ക്ക് തിരികൊളുത്തും. 23ന് ശിവമണിയും പ്രകാശ് ഉള്ളിയേരിയും സംഗീത സംവിധായകന്‍ ശരത്തും ചേര്‍ന്നൊരുക്കുന്ന ട്രിയോ മ്യൂസിക്കല്‍ ഫ്യൂഷനുണ്ടാകും. 24ന് കെ.എസ്. ചിത്രയും സംഘവും ചേര്‍ന്നവതരിപ്പിക്കുന്ന ചിത്രവസന്തം. 25ന് ക്രിസ്മസ് ദിനത്തില്‍ എം.ജി. ശ്രീകുമാര്‍ നയിക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവന്റ്, 26ന് നടിയും നര്‍ത്തകിയുമായ ശോഭനയും ചെന്നൈ കലാക്ഷേത്രം വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തനിശ, 

27ന് പാടിപ്പതിഞ്ഞ ഗാനങ്ങളുമായി പത്മകുമാറും ദേവും സംഘവും ചേര്‍ന്നൊരുക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് മ്യൂസിക്കല്‍ മെലഡി, 28ന് അതുല്‍ നറുകരയുടെയും സംഘത്തിന്റെയും സോള്‍ ഓഫ് ഫോക്ക് ബാന്റും അരങ്ങേറും, ഇതേ ദിവസം വൈകിട്ട് 5.30ന് ദര്‍ശന ടി.വിയുടെ പുത്തന്‍ കുട്ടിക്കുപ്പായം മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയും മുഖ്യവേദിയില്‍ നടക്കും. ഈ ഫിനാലെയില്‍ കേരളത്തിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകരും മാപ്പിളകലാ ചരിത്രഗവേഷകരും സന്നിഹിതരാകും.

29ന് കണ്ണൂര്‍ ഷെരീഫും സംഘവും ചേര്‍ന്ന് നയിക്കുന്ന മാപ്പിളപ്പാട്ട് നിശയ്‌ക്കൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയും ഉണ്ടാകും. 30ന് ഗൗരീ ലക്ഷ്മിയുടെ മ്യൂസിക്കല്‍ ബാന്റും, ഫെസ്റ്റിവലിന്റെ സമാപന ദിവസമായ ഡിസംബര്‍ 31ന് റാസാ ബീഗത്തിന്റെ ഗസലും ആട്ടം കലാസമിതിയുടെ മ്യൂസിക് ഫ്യൂഷനും തുടര്‍ന്ന് പുതുവര്‍ഷത്തെ വരവേറ്റുകൊണ്ടുള്ള മെഗാ ന്യൂ ഇയര്‍ നൈറ്റും നടക്കും.

പത്രസമ്മേളേനത്തില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. (ചെയര്‍മാന്‍, ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍), ഷിജിന്‍ പറമ്പത്ത് (മാനേജിംഗ് ഡയറക്ടര്‍, ബി.ആര്‍.ഡി.സി), കെ. മണികണ്ഠന്‍ (പ്രസിഡണ്ട്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്), എം എ ലത്തീഫ് (ചെയര്‍മാന്‍, ടിക്കറ്റ് മോണിറ്ററിംഗ് കമ്മിറ്റി), ടി ടി സുരേന്ദ്രന്‍ (ജില്ലാ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ മിഷന്‍), രമ്യാകൃഷ്ണന്‍ (യാത്രാശ്രീ ജനറല്‍ മാനേജര്‍) സംബന്ധിച്ചു.

Post a Comment

0 Comments