NEWS UPDATE

6/recent/ticker-posts

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജെറ്റ് എയര്‍വേസിന്റെ 538 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് ഇന്ത്യ ലിമിറ്റഡിന്റെ സ്വത്തുക്കള്‍ ഇ.ഡി. കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ പി.എം.എല്‍.ആക്ട്‌ പ്രകാരമാണ് ജെറ്റ് എയര്‍വേസിന്റെ 538.05 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.[www.malabarflash.com]


ജെറ്റ് എയര്‍വേസിന്റെയും ഉടമ നരേഷ് ഗോയല്‍, ഭാര്യ അനിതാ ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുടെയും ഉടമസ്ഥതയിലുള്ള 17 ഫ്ളാറ്റുകള്‍, ബംഗ്ലാവുകള്‍, വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ എന്നിവയാണ് ഇ.ഡി. കണ്ടുകെട്ടിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലണ്ടന്‍, ദുബായ് എന്നിവിടങ്ങളിലുമാണ് കണ്ടുകെട്ടിയ സ്വത്തുക്കള്‍ സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് ഇ.ഡി. നരേഷ് ഗോയലിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കനറാ ബാങ്ക് നല്‍കിയ കേസിലാണ് ഇത്. 848 കോടി രൂപ തങ്ങള്‍ ജെറ്റ് എയര്‍വേസിന് വായ്പ നല്‍കിയെന്നും ഇതില്‍ 538 കോടി രൂപ തിരികെ കിട്ടാനുണ്ടെന്നുമാണ് കനറാ ബാങ്കിന്റെ പരാതി.

സെപ്റ്റംബര്‍ ഒന്നിന് ഇ.ഡി. അറസ്റ്റ് ചെയ്ത നരേഷ് ഗോയല്‍ ഇപ്പോള്‍ മുംബൈയിലെ ആര്‍തുര്‍ റോഡ് ജയിലില്‍ കഴിയുകയാണ്. ഗോയല്‍ മറ്റ് രാജ്യങ്ങളില്‍ ട്രസ്റ്റുകള്‍ ഉണ്ടാക്കി പണം തട്ടിയെന്നാണ് ഇ.ഡി. പറയുന്നത്. ഈ ട്രസ്റ്റുകള്‍ ഉപയോഗിച്ച് ഗോയല്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും ഇ.ഡി. ആരോപിക്കുന്നു. ഇതിന് പുറമെ ജെറ്റ് എയര്‍വേസിന്റെ പേരിലെടുത്ത വായ്പ ഉപയോഗിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും ഫര്‍ണ്ണിച്ചറുകളും വാങ്ങിക്കൂട്ടിയെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇ.ഡി. പറഞ്ഞു.

Post a Comment

0 Comments