NEWS UPDATE

6/recent/ticker-posts

ന്യൂസീലൻഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ

മുംബൈ: കഴിഞ്ഞ ലോകകപ്പിന്റെ സെമിയിലേറ്റ പരാജയത്തോട് ന്യൂസീലൻഡിനോട് കണക്കു തീർത്ത് ഇന്ത്യ. അന്ന് ഓൾഡ് ട്രാഫോർഡിലേറ്റ പരാജയത്തിന്റെ പ്രതികാരം ഇന്ന് വാങ്കഡെയില്‍ തീർത്തു. സൂപ്പർ താരം വിരാട് കോലിയും ശ്രേയസ് അയ്യരും ബാറ്റിങ്ങിലും, പേസർ മുഹമ്മദ് ഷമി ബോളിങ്ങിലും തിളങ്ങിയപ്പോൾ കിവീസിനെതിരെ 70 റണ്‍സിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.[www.malabarflash.com] 

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലൻഡിന്റെ മറുപടി 327 റൺസിൽ അവസാനിച്ചു. സ്കോർ: ഇന്ത്യ – 50 ഓവറിൽ 4ന് 397. ന്യൂസീലൻഡ് – 48.5 ഓവറിൽ 327ന് പുറത്ത്.

ദീപാവലി കഴിഞ്ഞെങ്കിലും വാങ്കഡെയിലെ കാണികൾക്ക് കാഴ്ചവിരുന്നൊരുക്കാൻ താരങ്ങൾ മത്സരിച്ച ദിനം കൂടിയാണിന്ന്. റെക്കോർഡ് പ്രകടനങ്ങളുമായി വിരാട് കോലിയും മുഹമ്മദ് ഷമിയും നിറഞ്ഞാടിയ മത്സരത്തിൽ ശ്രേയസ് അയ്യരും രോഹിത് ശർമയും, കിവീസ് നിരയിൽ ഡാരില്‍ മിച്ചലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. സെഞ്ചറിയുമായി കളം നിറഞ്ഞ ഡാരിൽ മിച്ചലിന്റെ ഒറ്റയാൾ പോരാട്ടം ന്യൂസീലൻഡിനെ ജയത്തിലെത്തിക്കാൻ പ്രാപ്തമായില്ല. നാളെ നടക്കുന്ന രണ്ടാം സെമിയിലെ ജേതാവുമായി ഞായറാഴ്ച ഇന്ത്യ ഫൈനലിൽ ഏറ്റുമുട്ടും.

ഇന്ത്യ ഉയർത്തിയ 398 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡിന് സ്കോര്‍ ബോർഡിൽ 39 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന് ക്യാച്ച് നൽകിയാണ് ഡെവോൺ കോൺവേയും രചിൻ രവീന്ദ്രയും പുറത്തായത്. ഇരുവരും 13 റൺസ് വീതമാണ് നേടിയത്.

പിന്നീടൊന്നിച്ച വില്യംസൻ – മിച്ചൽ സഖ്യം ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 181 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ തകര്‍പ്പനടിയുമായി കളം നിറഞ്ഞ മിച്ചൽ 85 പന്തുകളിൽനിന്ന് സെഞ്ചറി കണ്ടെത്തി. പിന്നാലെ വില്യംസനെ സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച് ഷമി ഈ കൂട്ടുകെട്ട് തകർത്തു. 73 പന്തു നേരിട്ട കിവീസ് ക്യാപ്റ്റൻ 1 സിക്സും 8 ഫോറും ഉൾപ്പെടെ 69 റണ്‍സാണ് നേടിയത്.

വില്യംസൻ പുറത്തായ അതേ ഓവറിൽ ടോം ലാഥത്തെ വിക്കറ്റിനു മുന്നിൽ കുടുക്കി ഷമി ലോകകപ്പിൽ 50 വിക്കറ്റു തികച്ചു. 2 പന്തുകൾ മാത്രം നേരിട്ട ടോം ലാഥം റണ്ണൊന്നുമെടുക്കാനാകാതെയാണ് കൂടാരം കയറിയത്. ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽനിന്ന് (17) ഈ നേട്ടത്തിലെത്തുന്ന താരമാണ് ഷമി. ഏറ്റവും കുറവ് പന്തുകളിൽനിന്നും ഈ നേട്ടത്തിലെത്തുന്ന താരം കൂടിയാണ് ഷമി. ഓസീസിന്‍റെ മിച്ചൽ സ്റ്റാര്‍ക്കിന്‍റെ റെക്കോർഡാണ് തകർന്നത്.

ആറാമനായിറങ്ങിയ ഗ്ലെന്‍ ഫിലിപ്സ് പിടിച്ചുനില്‍ക്കാൻ ശ്രമിച്ചെങ്കിലും 41 റൺസുമായി പുറത്തായി. ജസ്പ്രീത് ബുമ്രയുടെ പന്തിൽ വമ്പനടിക്കു ശ്രമിച്ച ഫിലിപ്സ് ജഡേജയുടെ കൈകളിൽ കുടുങ്ങി. മാർക് ചാപ്മാൻ (5 പന്തിൽ 2) വേഗത്തിൽ മടങ്ങി. സ്കോർ 306ൽ നിൽക്കേ, ഡാരിൽ മിച്ചലിനെ ഷമി ജഡേജയുടെ കൈകളിലെത്തിച്ച് 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 119 പന്തിൽ നിന്ന് 7 സിക്സും 9 ഫോറുമടക്കം 134 റൺസാണ് താരം അടിച്ചുകൂട്ടിയത്.

10 പന്തിൽ 9 റൺസ് നേടിയ മിച്ചൽ സാന്റ്നറെ മുഹമ്മദ് സിറാജും ടിം സൗത്തിയെ ഷമിയും മടക്കി. 11–ാമനായി ഇറങ്ങിയ ലോക്കി ഫെര്‍ഗൂസനെക്കൂടി രാഹുലിന്റെ കൈകളിലെത്തിച്ച് ഷമി ന്യൂസീലൻഡ് ഇന്നിങ്സിന് തിരശീലയിട്ടു. മത്സരത്തിൽ ആകെ 57 റൺസ് വഴങ്ങി ഏഴ് വിക്കറ്റാണ് ഷമി നേടിയത്. ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ സൂപ്പർ താരം വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവിൽ ന്യൂസീലൻഡിനു മുന്നിൽ 398 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് അടിച്ചുകൂട്ടിയത്. വിരാട് കോലി ഏകദിന കരിയറിലെ 50–ാം സെഞ്ചറി കണ്ടെത്തിയ മത്സരത്തിൽ ബാറ്റിങ് റെക്കോർഡുകൾ പലതും മാറ്റിക്കുറിച്ചാണ് ടീം ഇന്ത്യ മുന്നേറിയത്. ഇന്ത്യയുടെ ബാറ്റിങ് കരുത്തിനു മുന്നിൽ കിവീസ് ബോളിങ് നിര നിഷ്പ്രഭമായി.

ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചറി പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കോലി ഇന്ന് ക്രീസ് വിട്ടത്. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ 49 സെഞ്ചറികളെന്ന റെക്കോർഡാണ് കോലി മറികടന്നത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന താരം എന്നീ റെക്കോർഡുകളിലും കോലി സച്ചിനെ മറികടന്നു. ടൂർണമെന്റിൽ ഇതുവരെ 10 മത്സരങ്ങളിൽനിന്ന് 711 റൺസാണ് കോലി നേടിയത്. 700നു മുകളിൽ ഒരു ലോകകപ്പ് പതിപ്പിൽ നേടുന്ന ആദ്യ താരവുമാണ് കോലി. 106 പന്തുകളിൽനിന്നാണ് കോലി സെഞ്ചറി പൂർത്തിയാക്കിയത്. 113 പന്തിൽ 117 റൺസ് നേടിയ കോലി ടിം സൗത്തിയുടെ പന്തിൽ ഡെവോൺ കോൺവേയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 2 സിക്സും 9 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്.

നായകന്‍ രോഹിത് ശർമയും ശുഭ്മന്‍ ഗില്ലും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ആദ്യവിക്കറ്റിൽ ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ ലോകകപ്പിൽ കൂടുതൽ സിക്സുകളെന്ന റെക്കോർഡും ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കി. 27 ഇന്നിങ്സുകളിൽനിന്ന് 50 സിക്സാണ് രോഹിത്ത് അടിച്ചെടുത്തത്. 34 ഇന്നിങ്സുകളിൽ 49 സിക്സുകൾ അടിച്ച വെസ്റ്റിൻഡീസ് മുൻ താരം ക്രിസ് ഗെയ്‍ലിനെയാണ് രോഹിത് ശർമ പിന്നിലാക്കിയത്.

ലോകകപ്പിൽ 1,500 റണ്‍സും രോഹിത് സെമി ഫൈനൽ പോരാട്ടത്തിൽ പിന്നിട്ടു. മത്സരത്തിൽ 29 പന്തുകൾ നേരിട്ട താരം 47 റൺസെടുത്തു പുറത്തായി. ടിം സൗത്തിയുടെ പന്തിൽ കെയ്ൻ വില്യംസൻ ക്യാച്ചെടുത്താണ് രോഹിത്തിന്റെ പുറത്താകൽ. സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന ശുഭ്മൻ ഗില്‍ കടുത്ത പേശീവലിവിനേത്തുടർന്ന് 23–ാം ഓവറിൽ ക്രീസ് വിട്ടു. നാലാം നമ്പരിലിറങ്ങിയ ശ്രേയസിനെ സാക്ഷിയാക്കി കോലി സെഞ്ചറി പൂർത്തിയാക്കി. ഗാലറിയിൽ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറും റെക്കോർഡ് നേട്ടത്തിന് സാക്ഷിയായി.

ശ്രേയസ് അയ്യർ വമ്പൻ അടികളുമായി കളം നിറഞ്ഞതോടെ സ്കോർ കുത്തനെ ഉയർന്നു. 70 പന്തുകൾ നേരിട്ട ശ്രേയസ് 105 റൺസ് നേടി പുറത്തായി. 67 പന്തിൽ നിന്നാണ് ശ്രേയസ് സെഞ്ചറി കണ്ടെത്തിയത്. 4 ഫോറും 8 സിക്സുമടങ്ങുന്നതാണ് ശ്രേയസിന്‍റെ ഇന്നിങ്സ്. ആറാമനായി ഇറങ്ങിയ സൂര്യകുമാർ യാവിന് ഒരു റൺസ് മാത്രമേ കണ്ടെത്താനായുള്ളൂ. ഇന്നിങ്സ് അവസാനിക്കാൻ നാലു പന്തു ശേഷിക്കേ ഗിൽ ക്രീസിലേക്ക് മടങ്ങിയെത്തിയെങ്കിലും താരത്തിന് 1 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. ആകെ 66 പന്തു നേരിട്ട ഗിൽ 8 ഫോറും 3 സിക്സും സഹിതം 80 റൺസുമായി പുറത്താകാതെ നിന്നു.

അവസാന ഓവറിലും ബൗണ്ടറികൾ കണ്ടെത്തിയ കെ.എൽ.രാഹുൽ ടീം സ്കോർ നാനൂറിനരികെ എത്തിച്ചു. 20 പന്തിൽ 2 സിക്സും 5 ഫോറും സഹിതം 39 റൺസ് നേടിയ താരം പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി ടിം സൗത്തി മൂന്നും ട്രെന്‍റ് ബോൾട്ട് ഒരു വിക്കറ്റും നേടി.

Post a Comment

0 Comments