പോക്സോ വകുപ്പ് ഉൾപ്പെട്ട കേസിൽ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. പോക്സോ നിയമം പ്രാബല്യത്തിലായതിന്റെ 11–ാം വാർഷികത്തിലാണ് ഇതുപ്രകാരമുള്ള ആദ്യ വധശിക്ഷ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. പ്രതി സമൂഹത്തിനാകെ ഭീഷണിയെന്നും കോടതി പറഞ്ഞു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.
- ഐപിസി 201 (തെളിവു നശിപ്പിക്കൽ)– അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവ്
- ഐപിസി 297 (മൃതദേഹത്തോട് അനാദരവ് കാണിക്കൽ)– ഒരു വർഷം തടവ്
- ഐപിസി 364– 10 വർഷം തടവും 25,000 രൂപ പിഴയും
- ഐപിസി 367– 10 വർഷം തടവും 25,000 രൂപ പിഴയും
- ഐപിസി 328– 10 വർഷം തടവും 25,000 രൂപ പിഴയും
- ഐപിസി 376 2ജെ (അനുമതി നൽകാൻ കഴിയാത്തയാളെ ബലാത്സംഗം ചെയ്യുക), ഐപിസി 377 (പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം), പോക്സോ ആക്ട് 5ഐ, 5എൽ, 5എം, എന്നീ അഞ്ച് വകുപ്പുകൾക്ക് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും. ജീവപര്യന്തം ശിക്ഷ ജീവിതാവസാനം വരെയെന്നും കോടതി പ്രത്യേകം എടുത്തു പറഞ്ഞു.
- ഐപിസി 302 (കൊലക്കുറ്റം)– വധശിക്ഷ
ഗുരുതര സ്വഭാവമുള്ള 3 പോക്‌സോ കുറ്റങ്ങള്‍ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ13 കുറ്റങ്ങള്‍ കോടതിയും ശരിവച്ചിരുന്നു. പ്രതിയുടെ പ്രായക്കുറവ്, മാനസാന്തരപ്പെടാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണു പ്രതിഭാഗം വധശിക്ഷ ഒഴിവാക്കാനുള്ള വാദം നടത്തിയത്.
ജൂലൈ 28 നാണു കുറ്റകൃത്യം നടന്നത്. അന്നു രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി.
ജൂലൈ 28 ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തനിരയാക്കികൊലപ്പെടുത്തിയെന്നാണ് കേസ്. ജൂലൈ 29 ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നല്‍കിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.
0 Comments