NEWS UPDATE

6/recent/ticker-posts

കേസുള്ള കാര്യം മറച്ചുവെച്ചു; ഉദുമ ഗ്രാമപഞ്ചാത്ത് മുസ്ലിം ലീഗ് സ്വതന്ത്ര അംഗത്തെ കോടതി അയോഗ്യനാക്കി; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചു

ഉദുമ: തദ്ദേശ തിരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തില്‍ കേസുള്ള കാര്യം മറച്ചുവെച്ചുവെന്ന പരാതിയില്‍ ഉദുമ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡായ അങ്കക്കളരിയിലെ അംഗമായിരുന്ന മുസ്ലിം ലീഗ് സ്വതന്ത്രനെ അയോഗ്യനാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. [www.malabarflash.com]

2020 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് എല്‍ഡിഎഫിന് വേണ്ടി മത്സരിച്ചിരുന്ന സിപിഎമ്മിലെ കെ എന്‍ അബ്ബാസ് അലി ആസിഫിനെ വിജയിയായി കാസര്‍കോട് മുന്‍സിഫ് കോടതി പ്രഖ്യാപിച്ചത്. ഹാരിസ് അങ്കക്കളരിയെയാണ് അയോഗ്യനാക്കിയത്.

ബേക്കല്‍ പോലീസ് സ്റ്റേഷനിലും ഹൊസ്ദുര്‍ഗ് കോടതിയിലും കേസുള്ള കാര്യം സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയില്ലെന്ന് കാണിച്ചാണ് അബ്ബാസ് അലി കോടതിയെ സമീപിച്ചത്. 25 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഹാരിസ് അങ്കക്കളരി, അബ്ബാസ് അലി ആസിഫിനെ പരാജയപ്പെടുത്തിയത്.

അബ്ബാസ് അലി ആസിഫ് വിജയിയായി പ്രഖ്യാപിച്ച കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനും ഉദുമ ഗ്രാമപഞ്ചായത്തിനെയും അറിയിക്കാനും കോടതി ഉത്തരവിട്ടു. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ 241/2019 നമ്പറിലും ഹോസ്ദുര്‍ഗ് ജെഎഫ്സിഎം കോടതിയില്‍ സിസി 651/2019 നമ്പറിലും ഹാരിസിനെതിരെ കേസുള്ള കാര്യം മറച്ചുവെച്ചുവെന്നാണ് പരാതി. പഞ്ചായത്ത് രാജ് ചട്ടപ്രകാരം ക്രമിനല്‍ കേസുള്ള കാര്യം നിശ്ചിത ഫോറത്തില്‍ സ്ഥാനാര്‍ഥി വെളിപ്പെടുത്തേണ്ടതുണ്ട്.

തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം തിരിച്ചറിഞ്ഞ സിപിഎം സ്ഥാനാര്‍ഥി കെ എന്‍ അബ്ബാസ് അലി ആസിഫ് കാസര്‍കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. മൂന്ന് വര്‍ഷത്തോളമായുള്ള വിചാരണക്ക് ശേഷമാണ് കോടതി ഹാരിസിന്റെ വിജയം അസാധുവാക്കി അബ്ബാസ് അലി ആസിഫ് വിജയിയായി പ്രഖ്യാപിച്ചത്.

ബിജെപി സ്ഥാനാര്‍ഥി ആര്‍ ബെജു കോടതിയില്‍ വിചാരണക്ക് എത്തിയിരുന്നില്ല. 1800 ഓളം വോട്ടുള്ള വാര്‍ഡില്‍ 1383 വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. ഇതില്‍ ഹാരിസ് അങ്കക്കളരിക്ക് 624 വോടും അബ്ബാസ് അലി ആസിഫിന് 599 വോട്ടും ബിജെപിയിലെ ആര്‍ ബൈജുവിന് 160 വോട്ടുമാണ് ലഭിച്ചിരുന്നത്.


Post a Comment

0 Comments