NEWS UPDATE

6/recent/ticker-posts

ജോലിതേടി​ അജ്​മാനിൽ എത്തിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന്​; നീതിതേടി മാതാവ്​​

കൊല്ലം: വിസിറ്റിങ്​ വിസയിൽ ജോലിതേടിപോയ യുവാവ്​ അജ്​മാനിൽ വെച്ച് മരിച്ചത്​ കൊലപാതകമാണെന്ന്​​ ചൂണ്ടിക്കാട്ടി നീതിതേടി മാതാവ്​ അധികൃതർക്ക്​ മുന്നിൽ. കൊല്ലം മയ്യനാട്​ ശോഭ മൻസിലിൽ ശോഭിതയാണ്​ തന്‍റെ മകൻ അനന്തന്‍റെ (27) മരണവുമായി ബന്ധപ്പെട്ട്​ അന്വേഷണം ആവശ്യപ്പെടുന്നത്​.[www.malabarflash.com]


കഴിഞ്ഞ സെപ്റ്റംബർ 25നാണ്​ അനന്തൻ യു.എ.ഇയിലേക്ക്​ പോയത്​. തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപം താമസിക്കുന്ന യുവതിയാണ്​ അനന്തനെ വിസിറ്റിങ്​ വിസയിൽ കൊണ്ടുപോയത്​. അവിടെ അജ്​മാനിലുള്ള ഈ യുവതിയുടെ ഫ്ലാറ്റിലാണ്​ അനന്തൻ താമസിച്ചിരുന്നത്​. അവിടെയെത്തി പത്താം ദിവസമായ ഒക്​ടോബർ നാലിന്​ അനന്തൻ മരിച്ചെന്ന വിവരമാണ് ലഭിച്ചത്. 12ന്​ മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിച്ചു.

മകന്‍റെ മരണവിവരം അറിഞ്ഞ്​ വിഷംകഴിച്ച്​ ആശുപ​ത്രിയിലായ ശോഭിത അപകടനില തരണം ചെയ്തശേഷം ഇതേക്കുറിച്ച് അന്വേഷണം നടത്തി. തനിക്ക്​ പോസ്റ്റുമോർട്ടം റിപ്പോർട്ട്​ ലഭിച്ചെന്നും അനന്തന്‍റേത്​ ക്രൂരമായ കൊലപാതകമാണെന്ന്​ വ്യക്​തമായെന്നും മാതാവ്​ പറയുന്നു. ഒന്നിലധികം സ്​ത്രീകൾ ഉ​ൾപ്പെടെയുള്ളവർ ചേർന്ന്​ ശാരീരികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയതാണെന്ന്​ ശോഭിത നൽകിയ പരാതിയിൽ പറയുന്നു.

അനന്തൻ ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ്​ അനന്തനെ കൊണ്ടുപോയ യുവതി ഇവരോട് പറഞ്ഞത്​. അജ്​മാൻ കേന്ദ്രീകരിച്ച്​ പെൺവാണിഭവും മയക്കുമരുന്ന്​ വിൽപനയും നടത്തുന്ന റാക്കറ്റിൽ തന്‍റെ മകനെ ​പെടുത്തിയതാണെന്നും അതിന്‍റെ കേരളത്തിലെ ഏജന്‍റാണ്​ തിരുവനന്തപുരം സ്വദേശിയായ യുവതിയെന്നും ശോഭിത പറഞ്ഞു. 

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അനന്തൻ അമിതമായ അളവിൽ മയക്കുമരുന്നും ലൈംഗികശേഷി വർധന മരുന്നും കഴിച്ചിരുന്നുവെന്നും ലൈംഗികാവയവങ്ങൾക്കും മറ്റും ഗുരുതര പരിക്കുകൾ പറ്റിയിരുന്നുവെന്നും പറയുന്നുണ്ട്​. ശരീരം മുഴുവൻ നഖം കൊണ്ടുള്ള മുറിവ്​ പറ്റിയിരുന്നു. മരിക്കുന്നതിന്​ അരമണിക്കൂർ മുമ്പ്​ തന്നെ വിളിച്ച അനന്തൻ ഏറെ സന്തോഷവാനായിരുന്നുവെന്നും അടുത്ത ദിവസം ഇന്‍റർവ്യൂ ഉള്ളതായി പറയുകയും ചെയ്തിരുന്നതായി ശോഭിത  പറഞ്ഞു.

തന്‍റെ പേരിലുള്ള സേഫ്​റ്റി ഓഫിസർ സർട്ടിഫിക്കറ്റ്​ അയച്ചുതരണമെന്ന് അനന്തൻ പറഞ്ഞിരുന്നു. അത്​ മെയിലിൽ അയച്ചുകൊടുത്തു. തൊട്ടടുത്ത പ്രഭാതത്തിലാണ്​ മരണവിവരം അറിയുന്നത്​. അതിനുമുമ്പ്​ മകൻ മയക്ക്​ മരുന്ന്​ ഉപയോഗിച്ചതിന്​ പോലീസ്​ പിടിയിലായതായി വിസ നൽകിയ യുവതി വിളിച്ചു പറഞ്ഞു. പിന്നീടാണ്​ ഹൃദയാഘാതം മൂലം ആശുപത്രിയിൽ വെച്ച് മരിച്ചുവെന്ന്​ വിളിച്ചു പറഞ്ഞത്​. മകൻ മരിച്ചെന്ന് അറിഞ്ഞതോടെ വിഷം കഴിച്ച താൻ അവശനിലയിൽ ആശുപത്രിയിലായെന്നും ഇവർ പറഞ്ഞു.

അജ്​മാനിൽ നിന്ന്​ പൊതുപ്രവർത്തകൻ അഷ്​റഫ്​ താമരശേരി മുൻകൈയെടുത്താണ് അനന്തന്‍റെ​ മൃതദേഹം നാട്ടിലെത്തിച്ചത്​. കൊല്ലം സിറ്റി ​പോലീസ്​ കമീഷണർ അടക്കമുള്ളവർക്കാണ്​ ശോഭിത പരാതി നൽകിയിരിക്കുന്നത്​.

Post a Comment

0 Comments