NEWS UPDATE

6/recent/ticker-posts

കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം അഞ്ചായി; മരിച്ച ലിബ്‌നയുടെ അമ്മ സാലിയും മരണത്തിനു കീഴടങ്ങി

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ ഭാര്യ സാലി പ്രദീപൻ (45) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.[www.malabarflash.com]

സാലിയുടെ മകൾ ലിബ്ന (12) സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂത്ത മകൻ പ്രവീൺ (24), ഇളയ മകൻ രാഹുൽ (21) എന്നിവരും ചികിത്സയിലുണ്ട്. ഇതിൽ പ്രവീണിന്റെ നില ഗുരുതരമാണ്.

കൺവൻഷൻ ആരംഭിച്ച 27 മുതൽ സാലിയും പ്രവീണും രാഹുലും അവിടെയുണ്ടായിരുന്നു. പാചകത്തൊഴിലാളിയായ പ്രദീപന് ജോലിത്തിരക്കു മൂലം കൺവൻഷനു പോകാൻ കഴിഞ്ഞില്ല. സ്ഫോടനം നടന്ന 29നു രാവിലെയും 3 പേരും കൺ‍വൻഷൻ സ്ഥലത്ത് ഒരുമിച്ചു ഫോട്ടോ എടുത്തിരുന്നു. സാലിയും മകളും സ്ഫോടനം ഉണ്ടായ സ്ഥലത്തിനടുത്താണ് ഇരുന്നിരുന്നത്.

കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിൽ കഴിഞ്ഞ മാസം 29നാണ് സ്ഫോടനം നടന്നത്. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിക്കൽ ലെയോണ പൗലോസ് (55), തൊടുപുഴ സ്വദേശി കുമാരി പുഷ്പൻ (53), ആലുവ മുട്ടം ജവാഹർ നഗർ ഗണപതിപ്ലാക്കൽ വീട്ടിൽ മോളി ജോയ് (61). എന്നിവരാണ് സ്ഫോടനത്തിൽ മരിച്ച മറ്റുള്ളവർ.

സ്ഫോടനത്തിനു പിന്നാലെ പ്രതി ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങിയിരുന്നു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

Post a Comment

0 Comments