NEWS UPDATE

6/recent/ticker-posts

പൊന്നുമോള്‍ക്കായി ഉറങ്ങാതെ കേരളം; തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിലൊരാളുടെ രേഖാചിത്രം പുറത്ത്

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് സൂചന.പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ ഫോൺ വിളിച്ചയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.[www.malabarflash.com]


കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ്. ഓട്ടോയിൽ വന്ന 2 അം​ഗ സംഘം തന്റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി. ഓട്ടോയിൽ വന്നത് 2 പേരെന്ന് കട ഉടമ പറയുന്നു.

സാധനങ്ങൾ വാങ്ങിയ അവർ ഓട്ടോയിൽ തന്നെ മടങ്ങി. 7 മണിയോടെ ആണ് രണ്ട് പേരും എത്തിയത്. വന്നവർ ബിസ്ക്കറ്റും റസ്കുമാണ് വാങ്ങിയതെന്നും വ്യാപാരി വ്യക്തമാക്കുന്നു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലും സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും പോലീസ് പരിശോധനകള്‍ തുടരുകയാണ്. നാടിന്റെ ഉള്‍പ്രദേശങ്ങളിലും വനമേഖലകളിലും പോലീസ് സഹായത്തോടെ നാട്ടുകാരും യുവജന സംഘടനാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്.

സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. പോലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

5 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് ഒരു സ്ത്രീയും പുരുഷനും ആണെന്നാണ് വിവരം. ഓയൂർ സ്വദേശി റജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. KL 01 3176 എന്ന വാഹനം കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.

വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ അറിയിക്കണം. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിർത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. അധികദൂരം കുട്ടിയുമായി പോകാൻ സാധ്യതയില്ലെന്നും ജില്ലയ്ക്കുള്ളിൽ വ്യാപക പരിശോധന നടത്തുകയാണെന്നും പോലീസ് പറയുന്നു. എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശം. ഇതുപ്രകാരം 14 ജില്ലകളിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.

Post a Comment

0 Comments