NEWS UPDATE

6/recent/ticker-posts

ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് കെ പി സി സി വിലക്ക്; അവഗണിച്ചാല്‍ നടപടിയെന്ന് മുന്നറിയിപ്പ്

മലപ്പുറം: മലപ്പുറത്ത് ഇന്ന് കോണ്‍ഗ്രസ്സ് എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാനിരിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സിന് കെ പി സി സി നേതൃത്വത്തിന്റെ വിലക്ക്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തരുതെന്ന് കോണ്‍ഗ്രസ്സ് നേതാവ് ആര്യാടന്‍ ഷൗക്കത്തിന് കെ പി സി സി നേതൃത്വം കര്‍ശന മുന്നറിയിപ്പ് നല്‍കി.[www.malabarflash.com]


ആര്യാടന്‍ ഷൗക്കത്ത് നടത്തുന്നത് പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ടുള്ള പരിപാടിയാണെന്നും വിലക്ക് അവഗണിച്ച് നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിപാടിയെ വിഭാഗീയ പ്രവര്‍ത്തനമായി കാണുമെന്നാണ് പരിപാടി വിലക്കിക്കൊണ്ട് ആര്യാടന്‍ ഷൗക്കത്തിന് കെ പി സി സി നേതൃത്വം അയച്ച കത്തില്‍ പറയുന്നത്.

കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം മലപ്പുറത്ത് വിഭാഗീയത അതിശക്തമായി തുടരുന്നതിനിടെയാണ് നേതൃത്വത്തിന്റെ ഇടപെടല്‍.

മലപ്പുറത്തെ കോണ്‍ഗ്രസ്സ് നേതാക്കളെ അണിനിരത്തി പാര്‍ട്ടി സംഗമം നടത്തിയതാണ്. ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ നേരത്തേയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചപ്പോള്‍ താക്കീത് നല്‍കിയിരുന്നു.

പാര്‍ട്ടി തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ ഒരുതരത്തിലുമുള്ള വിഭാഗീയതയും അനുവദിക്കില്ലെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെ വിഭാഗീയതക്കുള്ള മറയായി അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണം.

അതിനാല്‍ സമാന്തര പരിപാടിയില്‍ നിന്ന് പിന്തിരിയണം. മലപ്പുറത്ത് ഡി സി സിയുടെ നേതൃത്വത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്നും സംഘടനാ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വിഭാഗീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെ പി സി സി പറയുന്നു.

അതേസമയം, പരിപാടി നേരത്തേ പ്രഖ്യാപിച്ചതുപോലെ നടക്കുമെന്ന് ആര്യാടന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Post a Comment

0 Comments