NEWS UPDATE

6/recent/ticker-posts

കടലോളം ഓർമകൾ പങ്ക് വെച്ച് കപ്പലോട്ടക്കാരുടെ സംഗമം

പാലക്കുന്ന് : തിരമുറിയാത്ത അനുഭവങ്ങൾ ജീവിതപാഠമാക്കിയവരാണ് കപ്പൽ ജീവനക്കാർ. ആ ജീവിതത്തോട് വിടപറഞ്ഞവർ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിൽ സീമെൻസ് ഐക്യദിനത്തിൽ സംഗമിച്ചപ്പോൾ കടലിലും കപ്പലിലും ഉണ്ടായ സമ്മിശ്ര വികാരങ്ങളും അനുഭവങ്ങളും പങ്ക് വെക്കാനുള്ള അവസരമായി.[www.malabarflash.com]

ആകസ്മികമായി മരണപ്പെട്ട സഹപ്രവർത്തകന്റെ മൃതദേഹം നടുക്കടലിൽ കെട്ടിതാഴ്ത്തിയ രംഗം, കുടുംബത്തിൽ നിന്ന് ഉറ്റവരുടെ ഒരു കത്ത് കിട്ടാൻ മൂന്ന് മാസം വരെ കാത്തിരുന്ന കാലം, അടിയന്തര സാഹചര്യത്തിൽ ഊണും ഉറക്കവുമില്ലാതെ ദിവസങ്ങളോളം കഴിയേണ്ടി വന്ന നിസ്സഹായതവരെ തുരുമ്പിക്കാത്ത മനസ്സിൽ നിന്ന് അവർ പൊടിതട്ടി പുറത്തെടുത്തു. 

നവംബർ 6 സീമെൻസ് യൂണിറ്റി ഡേ ആണ് കപ്പലോട്ടക്കാർക്ക്. അത് ആഘോഷിക്കാൻ കണ്ണൂർ, കാസർകോട് ജില്ലയിൽ നിന്നുള്ള മർച്ചന്റ് നേവി ക്ലബ് അംഗങ്ങൾ പാലക്കുന്നിലുള്ള ക്ലബ്ബിൽ സംഗമിച്ചു.

65ഉം 75ഉം വയസ്സ് പിന്നിട്ടവരെ പൊന്നാട ചാർത്തിയും പുരസ്കാരവും പണക്കിഴിയും നൽകി ആദരിക്കുന്ന ചടങ്ങ് കൂടിയായി ഈ സംഗമം. 65 പിന്നിട്ട ഷെയ്ക്ക് ഹുസൈൻ (ബേക്കൽ), കെ. കെ. ചന്ദ്രൻ(പള്ളം), ഹരിചന്ദ്ര ബേക്കൽ(മംഗ്ലൂർ), ഉമേശൻ വേലായുധൻ(കാസർകോട് ), 75 പിന്നിട്ട അബ്ദുൽ ഗഫൂർ (ബേക്കൽ), സി. എം. ദാമോദരൻ (കണ്ണൂർ), വി. സത്യാനന്ദൻ (അജാനൂർ) എന്നിവരെയാണ്‌ ആദരിച്ചത്.

പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി അധ്യക്ഷനായി. ജനറൽ സെക്രട്ടറി യു. കെ. ജയപ്രകാശ്, കെ. ഇബ്രാഹിം കൃഷ്ണൻ മുദിയക്കാൽ, പി. വി. കുഞ്ഞിക്കണ്ണൻ,
കെ. പ്രഭാകരൻ, നാരായണൻ കുന്നുമ്മൽ, സി. ആണ്ടി, എ. കെ. അബ്ദുള്ളകുഞ്ഞി, എൻ.വി. കുമാരൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments