കോഴിക്കോട്: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അറിയിച്ച് സിപിഎം സംഘടിപ്പിക്കുന്ന റാലയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് മുസ്‍ലിം ലീഗ്. പാർട്ടി എം പി ഇ ടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരും ഒത്തൊരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.[www.malabarflash.com]
അതേസമയം, ലീഗിന്റെ നിലപാടിനെ തള്ളി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് വന്നു. വരുന്ന ജന്മം പട്ടിയാണെങ്കിൽ ഇപ്പോഴെ കുരയ്ക്കണോ എന്നായിരുന്നു സുധാകരന്റെ ചോദ്യം. ലീഗ് നിലപാടിനെ സ്വാഗതം ചെയ്ത് സിപിഎമ്മും രംഗത്ത് വന്നു.
ഈ മാസം 11നാണ് സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്. ഇതിലേക്ക് ഇതുവരെ തങ്ങളെ പാർട്ടി ക്ഷണിച്ചിട്ടടില്ലെന്നും എന്നാൽ ക്ഷണിച്ചാൽ തീർച്ചയായും പങ്കെടുക്കുമെന്നുമാണ് ഇ ടി ബഷീർ വ്യക്തമാക്കിയത്. ഫലസ്തീൻ വിഷയത്തിൽ രാജ്യവ്യാപകമായി ചർച്ച നടക്കണം. ഓരോ ദിവസവും ലോകത്തെ നടുക്കിയ സംഭവവികാസങ്ങളാണു വായിക്കുന്നത്. വിഷയത്തിൽ അഭിപ്രായരൂപീകരണം നടക്കണം. അതിനുവേണ്ടിയുള്ള പരിശ്രമം നടക്കേണ്ടതുണ്ട്. വിഷയത്തിൽ മുസ്‍ലിം ലീഗ് വളരെ വലിയ റാലി കോഴിക്കോട്ട് നടത്തിയിരുന്നു. കക്ഷി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും അതിനെ പ്രകീർത്തിച്ചു. അതുപോലെയുള്ള നീക്കങ്ങൾ ആവശ്യമാണെന്നും ഇ ടി വ്യക്തമാക്കി. ഏക സിവിൽ കോഡിന് എതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന്റെ നിലപാടിനെ സിപിഎം സ്വാഗതം ചെയ്തു. ലീഗിനെ തീർച്ചയായും റാലിയിലേക്ക് ക്ഷണിക്കുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കി. ഏക സിവിൽ കോഡ് വിഷയത്തിൽ ലീഗിന്റെ പ്രയാസം സിപിഎമ്മിന് ബോധ്യമായിരുന്നു. കോൺഗ്രസിനെ ക്ഷണിച്ചിട്ട് എന്തിനാണ് ഇസ്റാഈൽ അനുകൂല നിലപാടിന് വേദിയൊരുക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റെത് സങ്കുചിത രാഷ്ട്രീയ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലീഗ് തീരുമാനത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി കെ സുധാകരൻ രംഗത്ത് വന്നു. ലീഗിന്റെ അഭിപ്രായം കേട്ടിട്ടില്ല. സിപിഎമ്മിനൊപ്പം വേദി പങ്കിടേണ്ട എന്നത് യുഡിഎഫ് തീരുമാനമാണെന്നും അത് എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ജന്മം പട്ടിയാണെങ്കിൽ ഇപ്പോഴെ കുരയ്ക്കണോ എന്ന കടുത്ത വിമർശനവും അദ്ദേഹം നടത്തി.
0 Comments