NEWS UPDATE

6/recent/ticker-posts

പെൺകുട്ടിക്കായി അരിച്ചുപെറുക്കി പോലീസ്; വാഹന നമ്പർ ഉടമയെയും വീട്ടിലേക്ക് വിളിച്ച മൊബൈൽ നമ്പറിന്റെ ഉടമയെയും കണ്ടെത്തി

കൊല്ലം: ഓയൂരിൽ കുട്ടിയെ കടത്തിയ വാഹനത്തിന്റെ നമ്പർ ഉടമയെയും മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടിലേക്ക് വിളിച്ച മൊബൈൽ നമ്പറിന്റെ ഉടമയെയും പോലീസ് കണ്ടെത്തി. പാരിപ്പള്ളി കിഴക്കനേലയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്.[www.malabarflash.com] 

കടയിലെത്തിയത് ഒരു പുരുഷനും സ്ത്രീയുമാണ്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷമാണ് ഫോൺ ചോദിച്ചതെന്നും വ്യാപാരി പറയുന്നു.കടയിലെത്തിയ സ്ത്രീക്ക് 35 വയസ് തോന്നിക്കും. ചുരിദാറായിരുന്നു വേഷം. ഷാൾ ഉപയോ​ഗിച്ച് തല മറച്ചിരുന്നു. പുരുഷന് 45 വയസോളം പ്രായമുണ്ട്. മൂന്ന് തേങ്ങയും ബിസ്കറ്റും റെസ്കും കേക്കും വാങ്ങി. ഓട്ടോയിലാണ് വന്നത്. ആദ്യം വന്ന് ബിസ്കറ്റുണ്ടോ എന്ന് ചോദിച്ചു. പിന്നീടാണ് മറ്റ് സാധനങ്ങൾ വാങ്ങിയതും ഫോണുമായി കടയിൽ നിന്ന് പുറത്തേക്ക് പോയി വിളിച്ച ശേഷം തിരികെ കൊണ്ടുവന്നു. കടയുടമ  പറഞ്ഞു.

കാറിന്റെ നമ്പർ വ്യാജമാണ്. ഇത് യഥാർഥത്തിൽ ഇരുചക്രവാഹനത്തിന്റേതാണ്.  കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്ന് പൊലീസ് വ്യക്തമാക്കി.

തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിക്കായി അരിച്ചുപെറുക്കി പോലീസ് പരിശോധന നടത്തുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ പോലീസ് ശക്തമായ വാഹന പരിശോധനയാണ് നടത്തുന്നത്. പ്രധാന റോഡുകളിലുൾപ്പെടെ കാർ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ വഴികളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. കൂടാതെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും വ്യാപക അന്വേഷണത്തിന് നിർദേശം നൽകി. തമിഴ്നാട് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലും പരിശോധന നടത്തുന്നുണ്ട്. എന്നാൽ കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

സംഭവത്തിൽ കൃത്യമായ ആസൂത്രണം നടന്നതായാണ് പ്രാഥമിക വിവരം. ഈ കാർ മുൻപും സ്ഥലത്ത് കണ്ടതായാണ് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു കരുതുന്ന സംഘം അമ്മയെ ഫോണിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. അഞ്ചുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണില്‍ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. കുട്ടിയുടെ ബന്ധുക്കളാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളോടു പറഞ്ഞത്.

ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെ ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു തട്ടിക്കൊണ്ടുപോയത്. വൈകിട്ടു നാലുമണിയോടെയാണു സംഭവം. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. കാറിൽ നാലുപേരാണുണ്ടായിരുന്നത്. 
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അറിയിക്കുക: 9946923282, 9495578999.

Post a Comment

0 Comments