തിരുവനന്തപുരം: 20 മാസങ്ങള്‍ക്ക് മുമ്പ് മരിച്ച ആളിന്റെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് വേണ്ടിയാണ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്.. 2022 ഫെബ്രുവരി 13നാണ് കള്ളിക്കാട് മൈലച്ചല്‍ സ്വദേശിയായ തോമസ് അഗസ്റ്റിന്‍ മരിച്ചത്. തോമസ് അഗസ്റ്റിന്റേത് കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം കല്ലറ തുറന്നത്.[www.malabarflash.com]
നിര്‍മാണ തൊഴിലാളിയായിരുന്ന അഗസ്റ്റിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റു എന്നാണ് 2022 ഫെബ്രുവരി ആറിന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വിതുര തൊളികോടായിരുന്നു തോമസ് അഗസ്റ്റിന്‍ ജോലിക്ക് പോയിരുന്നത്. ജോലി കഴിഞ്ഞ ശേഷം തോമസിനോട് നിര്‍മാണക്കരാറുകാരന്‍ രാത്രി കെട്ടിടത്തിന് വെള്ളം നനയ്ക്കണമെന്നും അതിനാല്‍ രാത്രി വീട്ടില്‍ പോകേണ്ടെന്നും അറിയിച്ചതിനെ തുടര്‍ന്ന് തോമസും മറ്റു രണ്ട് തൊഴിലാളികളും ജോലി സ്ഥലത്ത് തങ്ങുകയായിരുന്നു.
ഫെബ്രുവരി ആറിന് തോമസ് കെട്ടിടത്തിന് മുകളില്‍നിന്ന് വീണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തോമസിനെ തൊഴിലാളികളും കരാറുകാരനും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എട്ട് ദിവസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിഞ്ഞു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വീണ് പരിക്കേറ്റതല്ല തന്നെ മര്‍ദിച്ചതാണെന്നാണ് ബന്ധുക്കളോട് തോമസ് പറഞ്ഞിരുന്നു. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് മരണം സംഭവിച്ചതല്ല എന്നാണ് തോമസിനെ ചികിത്സിച്ച ഡോക്ടര്‍മാരും പറയുന്നത്. പരിക്കേറ്റ തോമസിന്റെ തലയില്‍ നിരവധി തുന്നലുകള്‍ ഉണ്ട്. എന്നാല്‍ കഴുത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലായെന്നും ഡോക്ടര്‍മാർതന്നെ ബന്ധുക്കളോട് അറിയിച്ചിരുന്നു. ഉയരത്തില്‍ നിന്ന് വീണ് പരിക്കേറ്റാല്‍ കഴുത്തിന് ക്ഷതം സംഭവിക്കാമെന്നതിനാലാണത്.
ചികിത്സയിലിരിക്കെ തോമസ് ബന്ധുക്കളോട് പറഞ്ഞതും ഡോക്ടര്‍മാര്‍ അറിയിച്ചതും അനുസരിച്ച് ഇത് കൊലപാതകം ആണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബന്ധുക്കള്‍ വിതുര പോലീസിനെ സമീപിച്ചെങ്കിലും കേസ് മുന്നോട്ടു പോയിരുന്നില്ല. ഇതോടെയാണ് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവിന്‍പ്രകാരം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നടപടിയായത്. തഹസില്‍ദാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം.
0 Comments