NEWS UPDATE

6/recent/ticker-posts

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറി വിവാദത്തില്‍ വഴിത്തിരിവ്, ആള്‍മാറാട്ടത്തിനും കേസെടുത്ത് പോലീസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ നിർണായക വഴിത്തിരിവ്. കേസില്‍ ആൾമാറാട്ടത്തിനും പോലീസ് കേസെടുത്തു. തന്‍റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മറ്റൊരാള്‍ വോട്ട് ചെയ്തതായി കോൺഗ്രസ് പ്രവർത്തകനായ അഡ്വ. ജുവൈസ് മുഹമ്മദ് നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തത്.[www.malabarflash.com]

വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ പരാതിയും അന്വേഷിക്കും. പരാതിയുടെ വിശദാംശങ്ങള്‍ ഇലക്ഷൻ സ‍ർവറിൽ നിന്ന് ആവശ്യപ്പെടുമെന്നും അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു.താൻ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടില്ലെന്നാണ് ജൂവൈസ് മുഹമ്മദ് പരാതിയില്‍ പറയുന്നത്. ആദ്യമായാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പില്‍ ആൾമാറാട്ടം നടന്നതായി ആരോപിച്ച് ഒരാള്‍ നേരിട്ട് പരാതി നൽകുന്നത്.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ സോഫ്റ്റ് വെയര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസ് നീക്കം. തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ പരാതി നൽകിയവരെ കണ്ടെത്തി അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പോലീസ് നോട്ടീസ് അയക്കും.

തെരഞ്ഞെടുപ്പിന് ശേഷം അതൃപ്തി പുകയുന്ന യൂത്ത് കോണ്‍ഗ്രസിൽ നിന്നുതന്നെയാണ് വ്യാജനെ കുറിച്ചുള്ള വിവരങ്ങള്‍ ഏറെയും പോലീസിന് കിട്ടുന്നത്. അട്ടിമറി പരാതി നൽകിയവരുടെ മൊഴിയെടുത്താൽ നിര്‍ണ്ണായക വിവരങ്ങൾ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്‍റെ പരാതിയിലാണ് നിലവില്‍ മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. 

വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി വോട്ട് ചെയ്തുവെന്ന പരാതി തെളിയിക്കാൻ പൊലീസിന് മുന്നിൽ കടമ്പകളും ഏറെയാണ്. വിത്ത് ഐവൈസി എന്ന അപ്ലിക്കേഷനിലൂടെയാണ് വോട്ടിംഗ് നടന്നത്. വ്യാജ കാർഡുകള്‍ക്കെല്ലാം ഒരേ നമ്പറാണ്. ഈ കാർഡുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസി, അവരുടെ സെർവറിലെ വിവരങ്ങള്‍ പോലീസിന് കൈമാറണം.

ഏജൻസിയുടെ വിശദാംശങ്ങൾ അടക്കം അറിയിക്കണെമന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലീസ് കത്ത് നൽകും. വിവരങ്ങള്‍ കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള നടപടിയിലേക്ക് പോലീസിന് കടക്കേണ്ടിവരും. വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയ ആപ്പ് ഗൂഗിളിലോ, ആപ്പിള്‍ പ്ലേ സ്റ്റോറിലോ ഉള്ളതല്ല. ഈ ആപ്ലിക്കേഷൻ വഴി ആരെല്ലാം വ്യാജ കാർഡുകളുണ്ടാക്കിയെന്ന അന്വേഷണവും സൈബർ സംഘം ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമേ പ്രതികളിലേക്ക് എത്താൻ പോലീസിന് കഴിയുകയുള്ളൂ.

Post a Comment

0 Comments