തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള പ്രതികൾ പിടിയിലാകുമ്പോൾ സഞ്ചരിച്ചിരുന്നത് യൂത്ത് കോൺഗ്രസ് നേതാവിന്റെ കാറിലായിരുന്നെന്ന വെളിപ്പെടുത്തി പോലീസ്.[www.malabarflash.com]
പിടിയിലാകുമ്പോൾ KL 26-L - 3030 എന്ന നമ്പറുള്ള കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. രാഹുൽ ബി.ആർ. എന്ന പേരിലാണ് കാറിന്റെ റജിസ്ട്രേഷൻ. യൂത്ത് കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറാണ് ഇതെന്നാണു വിവരം.
കേസിൽ അഭി വിക്രം, ബിനിൽ ബിനു, ഫെനി നൈനാൻ, വികാസ് കൃഷ്ണ എന്നിവരെയാണു മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ബിനിലും ഫെനിയും രാഹുലിന്റെ കാറിൽ കെപിസിസി ഓഫിസിൽനിന്നിറങ്ങിയപ്പോൾ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയ നാലു പേർക്കും താൽക്കാലിക ജാമ്യം അനുവദിച്ചു. ഇന്നു കോടതി വിശദമായി വാദം കേൾക്കും.
അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ്ടോപ് എന്നിവയിൽനിന്നു ലഭിച്ച കാർഡുകൾ തിരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെട്ടു പരിശോധിച്ചശേഷമാണു വ്യാജമെന്ന് ഉറപ്പിച്ചത്. കാർഡിലെ ഫോട്ടോകളും നമ്പറും മേൽവിലാസവുമെല്ലാം വ്യാജമാണ്. നാലുപേരും രാഹുലിന്റെ അനുയായികളാണ്. ഈ സാഹചര്യത്തിൽ രാഹുലിനെ ചോദ്യം ചെയ്യാൻ ആലോചിക്കുന്നുണ്ട്. വിളിച്ചുവരുത്തുന്ന കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.
അതേസമയം, വ്യാജ ഐഡി കാർഡ് നിർമിതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടേക്കും. സംസ്ഥാന വ്യാപകമായി തട്ടിപ്പു നടന്നു എന്നാണ് നിലവിലെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ പ്രാദേശികമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു.
യൂത്ത് കോൺഗ്രസിലെ ഒരു ഗ്രൂപ്പിനു വേണ്ടി സംസ്ഥാന വ്യാപകമായിത്തന്നെ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചു എന്നാണ് അന്വേഷണ സംഘം പറയുന്നത്. വിവിധ ജില്ലകളിൽ പ്രാദേശിക അടിസ്ഥാനത്തിൽ വ്യാജ കാർഡുകൾ തയാറാക്കി . പലവിധ എഡിറ്റിങ് ആപ്പുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഏറ്റവും കൂടുതൽ വ്യാജ തിരിച്ചറിയൽ രേഖ തയാറാക്കിയ സിആർ കാർഡ് (CR - CARD ) എന്ന ആപ്ലിക്കേഷന്റെ മദർ കാർഡ് പ്രചരിച്ചു തുടങ്ങിയത് കാസർകോട്ടു നിന്നാണ്. തുടർന്ന് ആപ്ലിക്കേഷൻ വാട്സാപ് ലിങ്ക് വഴി വ്യാപകമായി പ്രചരിച്ചു. ഇതിന്റെ വിശദാംശങ്ങൾ തേടി മെറ്റയ്ക്ക് അന്വേഷണ സംഘം കോടതി അനുമതിയോടെ കത്തയയ്ക്കും.
അടൂർ കേന്ദ്രീകരിച്ച് മാത്രം 2000 വ്യാജ കാർഡുകൾ തയാറാക്കി. കഴിഞ്ഞ ദിവസം അടൂരിലെ യൂത്ത് കോൺഗ്രസ് ഓഫിസിൽ പോലീസ് റെയ്ഡ് നടത്തിയെന്ന സൂചനയുമുണ്ട്. സംസ്ഥാന വ്യാപകമായി നടന്ന തട്ടിപ്പായതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്ന കാര്യം സജീവ പരിഗണനയിലാണ്. നിലവിലെ എട്ടംഗ അന്വേഷണ സംഘത്തിനു സംസ്ഥാന വ്യാപക പരിശോധനകൾക്കു പരിമിതിയുണ്ട്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യമുയർന്നാൽ അതിനെ കേരള പോലീസ് എതിർക്കില്ല.
0 Comments