NEWS UPDATE

6/recent/ticker-posts

വ്യാജ ഐ.ഡി. വിവാദം: മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനില്‍, ഫെനി എന്നിവരാണ് പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. വ്യാജരേഖ നിര്‍മാണം നടന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പ്, ഫോണ്‍, എന്നിവയില്‍ നിന്നാണ് തെളിവുകള്‍ കിട്ടിയത്.[www.malabarflash.com]


പല ജില്ലകളിലും വ്യത്യസ്തരീതിയിലാണ് വ്യാജ കാർഡുകൾ നിർമിച്ചിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം. കാർഡുകളുടെ സോഫ്റ്റ് പകർപ്പ് നിർമിച്ച് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടത്തുന്ന സോഫ്റ്റ് വേറിൽ അപ്‌ലോഡ് ചെയ്താണ് തട്ടിപ്പുനടത്തിയത്. കാസർകോട് ജില്ലയിൽ ഒരു മൊബൈൽ സോഫ്റ്റ്‌ വേർ ഉപയോഗിച്ചാണ് വ്യാജ കാർഡുകൾ നിർമിച്ചത്. അതേസമയം പത്തനംതിട്ട ജില്ലയിൽ ഫോട്ടോഷോപ്പ് സോഫ്റ്റ്‌ വേറും ഒരു മൊബൈൽ സോഫ്റ്റ്‌ വേറും ഉപയോഗിച്ച് വ്യാജ കാർഡുകൾ നിർമിച്ചിട്ടുണ്ട്. പലതരം സോഫ്റ്റ് വേറുകൾ കാർഡ് നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് സൈബർഡോമും സൈബർ പോലീസും നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സൈബർ ഓപ്പറേഷൻസ് വിഭാഗം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മണ്ഡലമായ അടൂരിലെ രണ്ട് പ്രാദേശിക നേതാക്കളുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. അടൂർ ഏഴംകുളം സ്വദേശികളുടെ വീടുകളിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. വ്യാജ കാർഡുകൾ നിർമിക്കാൻ ഉപയോഗിച്ചു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഉപകരണങ്ങൾ പിടിച്ചെടുത്തത്. വ്യാജ കാർഡുകൾ നിർമിക്കാനായി സാമൂഹികമാധ്യമ ഗ്രൂപ്പുകളും നേതാക്കൾ ആരംഭിച്ചിരുന്നു. ഇതിൽവരുന്ന ആപ്പുകളുടെ ലിങ്കുകൾ ഡൗൺലോഡ് ചെയ്ത് പ്രാദേശികമായി കാർഡുകൾ നിർമിക്കുകയായിരുന്നു. കാർഡുകൾ നിർമിക്കാനും ഇതുപയോഗിച്ച് വോട്ട് രേഖപ്പെടുത്താനും പ്രത്യേകം സംഘങ്ങളെ ചുമതലപ്പെടുത്തിയിരുന്നതിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

യൂത്ത് കോൺഗ്രസിനായി തിരഞ്ഞെടുപ്പ് നടത്തിയ കമ്പനിയോട് സെർവറിലെ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ പരിശോധിച്ചാലേ വ്യാജ കാർഡ് നിർമാണത്തിന്റെ വ്യാപ്തി അറിയാനാവൂ. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനും പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നേതാക്കളെ വിളിച്ചുവരുത്തി ചോദ്യംചെയ്യാനുള്ള നടപടികളും അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments