കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മിഠായിത്തെരുവില്‍ സന്ദര്‍ശനത്തിന് എത്തുന്ന സമയത്ത് കുഴഞ്ഞുവീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ചേവായൂര്‍ സ്വദേശി അശോകന്‍ അടിയോടി (70) ആണ് മരിച്ചത്. കോഴിക്കോട് ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.[www.malabarflash.com]
ഗവര്‍ണര്‍ വരുന്ന സമയം ആശോകന്‍ മിഠായിത്തെരുവില്‍ ഉണ്ടായിരുന്നു. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. ഗവര്‍ണര്‍ മിഠായിത്തെരുവില്‍ എത്തിയത് മൂലമുണ്ടായ ജനത്തിരക്കും ഗതാഗത തടസ്സവും കാരണമാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതെന്നും അതിനാല്‍ മരണത്തിന് ഉത്തരവാദി ഗവര്‍ണറാണെന്നും സിപിഎം ആരോപിച്ചു.
എല്‍.ഐ.സി ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന അശോകന്‍ ഉച്ചയ്ക്ക് 12.36നാണ് കുഴഞ്ഞുവീണത്. ഗതാഗത തടസ്സത്തെതുടര്‍ന്ന് അല്‍പനേരം വൈകിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. അതേസമയം കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
പോലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ അപ്രതീക്ഷിതമായാണ് തിങ്കളാഴ്ച ഉച്ചയോടെ മിഠായിത്തെരുവില്‍ എത്തിയത്. കടകളില്‍ സന്ദര്‍ശനം നടത്തിയും ഹല്‍വ കഴിച്ചും ജനങ്ങളോട് സംവദിച്ചതിനും ശേഷമായിരുന്നു ഗവര്‍ണറുടെ മടക്കം.
0 Comments