NEWS UPDATE

6/recent/ticker-posts

നടൻ വിജയകാന്ത് അന്തരിച്ചു

ചെന്നൈ: നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് (71) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. തൊണ്ണൂറുകളിലെ തമിഴിലെ സൂപ്പർതാരമായിരുന്നു വിജയകാന്ത്. ആക്ഷൻ സിനിമകളിലെ നായകനായിരുന്നു അദ്ദേഹം. വില്ലനായാണ് വിജയകാന്ത് തമിഴ് സിനിമയിലേക്ക് വരുന്നത്. പിന്നീട് ആക്ഷൻ ഹീറോയായി മാറുകയായിരുന്നു. നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.[www.malabarflash.com]

കഴിഞ്ഞ കുറേക്കാലമായി വിജയകാന്ത് ചികിത്സയിലായിരുന്നു. ഇടയ്ക്ക് ആരോഗ്യനില വഷളായിരുന്നു. എന്നാൽ പിന്നീട് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങി. അടുത്തിടെയാണ് വിജയകാന്തിനെ കോവിഡ് ബാധിതനായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അദ്ദേഹത്തെ ഇന്നലെ രാത്രിയിൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

കോവിഡ് ബാധിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ അ​ദ്ദേഹം തന്നെയാണ് പങ്കുവച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഗിണ്ടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അനാരോഗ്യത്തെത്തുടർന്ന് നവംബർ 18-ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ആരോ​ഗ്യത്തേക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നതോടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു. ആശുപത്രി വിട്ട അദ്ദേഹം ഒരാഴ്ചമുമ്പ് ചെന്നൈയിൽ നടന്ന ഡിഎംഡികെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ യോഗം ഡിഎംഡികെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.

അമ്മൻ കോവിൽ കിഴക്കാലേ, വൈദേഹി കാത്തിരുന്താൽ, ചിന്ന ഗൌണ്ടർ, വല്ലരസു ക്യാപ്റ്റൻ പ്രഭാകരൻ എന്നിവയാണ് വിജയകാന്തിന്റെ ചില ശ്രദ്ധേയ സിനിമകൾ. 1980 കളിൽ തമിഴ് ചലച്ചിത്രരംഗത്ത് കമലഹാസൻ , രജനികാന്ത് എന്നിവർക്ക് ശേഷം ഒരു മുഖ്യധാര നായകനായിരുന്നു വിജയകാന്ത്. ഒരു ആക്ഷൻ നായകന്റെ പരിവേഷമാണ് വിജയകാന്തിനു തമിഴ് ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നത്. തന്റെ മിക്ക ചിത്രങ്ങളും തെലുങ്ക്, കന്നട എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments