NEWS UPDATE

6/recent/ticker-posts

ആംബുലന്‍സ്‌ മോഷ്ടിച്ചു കടക്കുന്നതിനിടെ മതിലിലിടിച്ചു; മോഷ്‌ടാവ്‌ അറസ്റ്റില്‍

കാസർകോട്: ആശുപത്രി പരിസരത്തു നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ്‌ മോഷ്ടിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതോടെ കള്ളൻ പിടിയിൽ. പോലീസ്‌ പിന്തുടരുന്നതിനിടയിലാണ് മോഷ്ടിച്ച ആംബുലൻസ് മതിലില്‍ ഇടിച്ചത്. മോഷ്‌ടാവിനെ അരമണിക്കൂറിനകം അറസ്റ്റു ചെയ്‌തു.[www.malabarflash.com]

ഉപ്പള പത്വാടി, നൗഫല്‍ മന്‍സിലിലെ മുഹമ്മദ്‌ നൗഫല്‍ എന്ന സവാദി (21)നെയാണ്‌ മഞ്ചേശ്വരം എസ്‌.ഐ നിഖിലും സംഘവും പിടികൂടിയത്‌. വെള്ളിയാഴ്ച  വൈകുന്നേരം ഉപ്പളയിലെ ഒരു സ്വകാര്യ ആശുപത്രിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സാണ്‌ മോഷണം പോയത്‌. 

പച്ചിലംപാറയിലെ മുഹമ്മദ്‌ റിയാസിന്റേതാണ്‌ ആംബുലന്‍സ്‌. താക്കോല്‍ അകത്തു വച്ച്‌ സമീപത്തെ കടയിലേയ്‌ക്ക്‌ പോയതായിരുന്നു മുഹമ്മദ്‌ റിയാസ്‌. തിരിച്ചെത്തിയപ്പോള്‍ ആംബുലന്‍സ്‌ കണ്ടില്ല. ഉടന്‍ തന്നെ മഞ്ചേശ്വരം പോലീസില്‍ വിവരമറിയിച്ചു. എസ്‌.ഐ നിഖിലും സംഘവും ജി.പി.എസ്‌ സംവിധാനത്തിന്റെ സഹായത്തോടെ പിന്‍ തുടര്‍ന്നു. 

ഇതിനിടയില്‍ ആംബുലന്‍സ്‌ ബഡാജെ ചൗക്കിയില്‍ എത്തിയിരുന്നു. അമിത വേഗതയില്‍ ഓടുന്നതിനിടയില്‍ ആംബുലന്‍സ്‌ ഉദയ ഷെട്ടി എന്നയാളുടെ പറമ്പിന്റെ മതിലില്‍ ഇടിച്ചു. അപകട ശബ്‌ദം കേട്ട ആള്‍ക്കാര്‍ കൈയ്യോടെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയില്‍ പോലീസുമെത്തി, തുടര്‍ന്ന്‌ മോഷ്‌ടാവിനെയും , ആംബുലന്‍സും കസ്റ്റഡിയിലെടുത്ത്‌ സ്റ്റേഷനിലേയ്‌ക്ക്‌ മാറ്റി. ചോദ്യം ചെയ്യലിനു ശേഷം മുഹമ്മദ്‌ നൗഫലിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

Post a Comment

0 Comments