ബേക്കല്‍: ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ബേക്കല്‍ ഫെസ്റ്റ് രണ്ടാം പതിപ്പിന് ഒരുക്കുന്നത് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ഉദ്യോഗതസ്ഥതല യോഗം ചേര്‍ന്നു. മികച്ച സംഘാടനവും സുരാക്ഷാകാര്യങ്ങളില്‍ പഴുതടച്ച പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്നും സംഘാടകര്‍ അത് ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.[www.malabarflash.com]
ജനത്തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനും അതിനായി ബീച്ച് ഫെസ്റ്റ് നടക്കുന്ന ബേക്കല്‍ ബീച്ചില്‍ എത്ര ആളുകളെ ഉള്‍ക്കൊള്ളാനാക്കുമെന്നതിനെ കുറച്ച് വിശദമായ പഠനം നടത്താനും സംഘാടക സമിതിയോട് കളക്ടര്‍ ആവശ്യപ്പെട്ടു. പഠനം വിലയിരുത്തി എത്ര പേരെ ഒരു സമയത്ത് ബീച്ചില്‍ പ്രവേശിപ്പിക്കാം എന്നത് അന്തിമമാക്കാന്‍ പോലീസിനെയും ചുമതലപ്പെടുത്തി.
സാഹസിക വിനോദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സജ്ജീകരിക്കുന്ന റൈഡുകളുടെയും മറ്റ് സംവിധാനങ്ങളുടെയും ലൈസന്‍സ് ഉറപ്പാക്കും. യോഗ്യത പരിശോധിച്ചു ലൈസന്‍സുകള്‍ ലഭ്യമാക്കാന്‍ കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മേളയോടനുബന്ധിച്ച് ഒരുക്കുന്ന എല്ലാ സംവിധാനങ്ങളും പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി.
വിനോദത്തിനായി ജനങ്ങള്‍ ഉപയോഗിക്കുന്ന ബോട്ടുകള്‍, വാഹനങ്ങള്‍, മുതലായവ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ലൈസന്‍സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയവയായിരിക്കും.
പൊതുജനങ്ങള്‍ക്ക് യാത്രാ സൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസ്സുകള്‍ ലഭ്യമാക്കും. എല്ലാ വകുപ്പുകളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ എഡിഎമ്മിന് സമര്‍പ്പിക്കുവാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ലൊക്കേഷന്‍ മാപ്പ് തയ്യാറാക്കി നല്‍കുവാന്‍ ബി.ആര്‍.ഡി.സി. ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാല് ലൈഫ് ഗാര്‍ഡ് മാരുടെ സേവനവും പരിശീലനം ലഭിച്ച 50 ആപതാ മിത്ര വളണ്ടിയര്‍മാരുടെയും സേവനം മേളയില്‍ ലഭ്യമാക്കും.
ബീച്ചിലേക്ക് അഞ്ച് എന്‍ട്രി പോയിന്റുകളും അഞ്ച് എക്സിറ്റ് പോയിന്റുകളും
പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങള്‍, സുരക്ഷാ സംവിധാനം, പാര്‍ക്കിംഗ് സൗകര്യം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഭക്ഷ്യ സുരക്ഷ മുന്നൊരുക്കങ്ങള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിനായി ഏര്‍പ്പെടുത്തിയ സജ്ജീകരണവും മുന്‍കരുതലും ബി.ആര്‍.ഡി.സി മാനേജിങ് ഡയറക്ടര്‍ പി.ഷിജിന്‍ വിശദീകരിച്ചു.
ബീച്ചിലേക്ക് അഞ്ച് എന്‍ട്രി പോയിന്റുകളും അഞ്ച് എക്സിറ്റ് പോയിന്റുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. കാസര്‍കോട് ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് മുന്‍വശത്തെ പ്രധാന കവാടവും കാഞ്ഞങ്ങാട് ഭാഗത്തു നിന്ന് വരുന്ന ആളുകള്‍ക്ക് റെയില്‍വെയുടെ അനുമതിയോടു കൂടി പ്രത്യേക കവാടവും ഒരുക്കിയിട്ടുണ്ട്.
കാല്‍ നടയാത്രക്കാര്‍ക്കായി പ്രത്യേകം വഴി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30 ഏക്കറിലാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 23 ഏക്കര്‍ വരുന്ന പാര്‍ക്കിന്റെ സുരക്ഷയ്ക്കായി 60 സിസി ടി.വി ക്യാമറകള്‍ ഒരുക്കിയിട്ടുണ്ട്. 60 വാക്കിടോക്കി സെറ്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കും.
ബേക്കല്‍ കോട്ടക്കുന്ന് മുതല്‍ പള്ളിക്കര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വരെ പൊതു അനൗണ്‍സ്മെന്റ് ഉണ്ടായിരിക്കുന്നതാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയും ഫെസ്റ്റിന് ഉറപ്പു വരുത്തിയിട്ടുണ്ട്. 30 വോളന്റിയേഴസ് അടങ്ങുന്ന സ്വകാര്യ സുരക്ഷാ സംഘത്തിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ചെറിയ കുട്ടികളുടെ സുരക്ഷയ്ക്കായി മാതാപിതാക്കളുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പറും അടങ്ങുന്ന കൈയ്യില്‍ കെട്ടാവുന്ന സുരക്ഷാ ബാന്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് കൂടാതെ ബേക്കല്‍ ഡി.വൈ.എസ്.പി.യുടെയും തീരദേശ പോലീസ് സ്റ്റേഷന്‍നില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനുള്ള സംവിധാനവും നടപ്പിലാക്കും. മേളയോടനുബന്ധിച്ച് വാട്സ്ആപ്പ് ചാറ്റ് ആപ്പ് ലഭ്യമാക്കിയിട്ടുണ്ട് ഇതില്‍ പ്രവേശന കവാടം, ടോയ്ലറ്റ് മുതലായ അത്യാവശ്യ വിവരങ്ങള്‍ ലഭ്യമാക്കും.
മേള, പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ച്
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിത കര്‍മ്മ സേനയാണ് നേതൃത്വം നല്‍കുന്നത്. ശൗചാലയങ്ങള്‍ ശുചീകരിക്കുന്നതിനായി സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണ അവശിഷ്ടങ്ങള്‍ അതാത് ദിവസം രാത്രി രണ്ടുമണിയോടുകൂടി ബീച്ചില്‍ നിന്നും നീക്കം ചെയ്യാന്‍ ഏജന്‍സിയെ ഏര്‍പ്പാടാക്കി. മാലിന്യങ്ങള്‍ ജൈവം- അജൈവം എന്ന തരം തിരിച്ച് നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും.
ജൈവ മാലിന്യവും പ്ലാസ്റ്റിക് വേസ്റ്റും പ്രത്യേകം തരംതിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പള്ളിക്കര പഞ്ചായത്തിന്റ് വെളുത്തോളിയിലുള്ള പ്ലാന്റില്‍ എത്തിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വേദിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഹരിത കര്‍മ്മസേനയുടെ സേവനം ഒരുക്കിയിട്ടുണ്ട്.
സന്ദര്‍ശകരുടെ ഉപയോഗത്തിനായി ശുചിമുറി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ബി.ആര്‍.ഡി.സി നിര്‍മ്മിച്ച രണ്ട് ടോയ്‌ലെറ്റ് ബ്ലോക്കുകളും പുതുതായി നിര്‍മ്മിച്ച വേള്‍ഡ് ക്ലാസ് ടോയ്ലറ്റ് സൗകര്യവും അടക്കം 68 ശുചിമുറികളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ പുരുഷന്മാര്‍ക്കായി 30 താല്‍ക്കാലിക ടോയ്ലറ്റ് സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ക്യാമ്പ് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും, ജെ.എച്ച്.ഐ.മാരുടെയും സേവനം രാവിലെ ഒന്‍പത് മുതല്‍ രാത്രി 12 വരെ ലഭ്യമാക്കും. ഒരു ആംബുലന്‍സ് സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യമുണ്ടാവുകയാണെങ്കില്‍ ആംബുലന്‍സ് മൂന്നെണ്ണം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പള്ളിക്കര പി.എച്ച്.സിയിലും സൗകര്യങ്ങള്‍ ഒരുക്കും.
ബീച്ചില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനായി ബീച്ചിലെ കിണറുകളില്‍ നിന്നുള്ള വെള്ളം ആരോഗ്യവകുപ്പ് മുഖാന്തിരം പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത് കൂടാതെ വാട്ടര്‍ അതോറിറ്റിയില്‍ നിന്നുള്ള വെള്ളവും ബീച്ചില്‍ ലഭ്യമാക്കുന്നതാണ്. ഭക്ഷണത്തിന്റെ വില വിവര പട്ടിക എല്ലാ സ്റ്റാളുകളിലും പ്രദര്‍പ്പിക്കും. അളവ് തൂക്കം പരിശോധന നടത്തുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം മേള നടക്കുന്ന എല്ലാ ദിവസവും ഉണ്ടായിരിക്കും.
നെറ്റ്‌വര്‍ക്ക് സൗകര്യം ശക്തമാക്കും
ബി.എസ്.എന്‍.എല്‍ തുടങ്ങിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ശക്തമാക്കും. ഇതിനായി രണ്ട് കമ്പനികളില്‍ നിന്നുള്ള ടെക്നിക്കല്‍ ടീമുകളുടെ സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്. ഇന്റര്‍നെറ്റിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാക്കിടോക്കി സൗകര്യവും ലഭ്യമാക്കും.
മേളയിലും പരിസര പ്രദേശങ്ങളിലും എക്സൈസ് വകുപ്പ് പരിശോന നടത്തും. ഭക്ഷണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധന സംബന്ധിച്ചും ഇതിന് ഉപയോഗിക്കുന്ന വെള്ളം, പാത്രം മുതലായവയുടെ ഗുണനിലവാരം എല്ലാ ദിവസവും പരിശോധിക്കും. ഈ വിഷയം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുന്നതിന് ഒരു യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റെയില്‍വേ ട്രാക്കിലൂടെയുള്ള ജനങ്ങളുടെ യാത്ര സംബന്ധിച്ച് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ സുരക്ഷ റെയില്‍വേ ഫോഴ്സിനും(ആര്‍.പി.എഫ്.) പോലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, എ.ഡി.എം കെ.നവീന്‍ ബാബു, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം ലബീബ്, കെ.എസ്.ഇ.ബി.ഡെപ്യൂട്ടി ചീഫ് എഞ്ചീനിയര്‍ കെ.എസ്. സാഹിത, ഇറിഗേഷന്‍ ഇ.ഇ. പി. രമേശന്‍, ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പ്രസാദ് തോമസ്, കെ.ഡബ്ല്യു.എ. കാഞ്ഞങ്ങാട് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചീനിയര്‍ ഗിരീഷ് ബാബു, പി.ഡബ്ല്യു.ഡി. ഇലെക്ട്രിക്കല്‍ അസിസ്റ്റന്റ് എഞ്ചീനിയര്‍ ടി.വിവേക് ഡി.ടി.പി.സി.സെക്രട്ടറി ലിജോ ജോസഫ്, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ബി.രാജ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ലക്ഷ്മി, ഹൊസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ എം. മായ, ഡി.വൈ.എസ്.പി.സി. കെ.സുനില്‍ കുമാര്‍, കെ.എസ്.ആര്‍.ടി.സി. ഇന്‍സ്പെക്ടര്‍ എസ്.രാജു, കാസര്‍കോട് ജോയിന്റ് ആര്‍.ടി.ഒ ജോസ് അലക്‌സ്, ബേക്കല്‍ ആര്‍.എസ്.എസ്.എച്ച്.ഒ. ആദര്‍ശ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments