കൊല്ലം: ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപോലെ പ്രതിഷേധിക്കുന്നവർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത സ്ഥാനത്തിരിക്കുന്ന ഗവർണരുടെ പദപ്രയോഗം പദവിക്ക് യോചിച്ചതല്ല. കേന്ദ്ര ഗവൺമെന്റ് തന്നെ കാര്യങ്ങൾ പരിശോധിക്കണം. ഗവർണറുടെ പ്രവർത്തികൾ കേന്ദ്രത്തെ അറിയിക്കും. കേരളത്തിലെ ക്രമസമാധാനം തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ് ഗവർണറുള്ളത്. ഇതു പോലുള്ള ആളുകളെ ആർക്കും സഹിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.[www.malabarflash.com]
കാലിക്കറ്റ് സർവകലാശാലയിലെത്തിയ ഗവർണർ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ സൂചകമായി കെട്ടിയ ബാനർ അഴിപ്പിച്ചിരുന്നു. ബാനർ അഴിച്ചുമാറ്റാത്തതിൽ പൊലീസിനോട് ക്ഷുഭിതനായ ഗവർണർ പൊലീസിനെക്കൊണ്ട് നിർബന്ധിച്ച് ബാനർ അഴിപ്പിക്കുകയായിരുന്നു. ഗവർണർ ഗോ ബാക്ക് അടക്കമുള്ള ബാനറുകളാണ് അഴിപ്പിച്ചത്. എന്നാൽ ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിൽ കൂടുതൽ ബാനറുകൾ കെട്ടി. റോഡിൽ എഴുതിയും ഗവർണറുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു.
ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ഗൺമാൻ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിനോടും മുഖ്യമന്ത്രി പ്രതികരിച്ചു. എന്റെ ഗൺമാൻ ആരെയും അക്രമിച്ചിട്ടില്ല. അങ്ങനെ ഒരു സംഭവം താൻ കൺമുന്നിൽ കണ്ടില്ല, ദൃശ്യങ്ങളും ഞാൻ കണ്ടില്ല. എന്നാൽ ഗൺമാന്റെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിക്കും. സമൂഹ മാധ്യമങ്ങളിൽ വ്യക്തിപരമായി അഭിപ്രായങ്ങൾ പറയും. ബസിന് നേരെ അക്രമിക്കാൻ വന്നാൽ ഗൺമാൻ തടയും. ദൃശ്യങ്ങൾ താൻ പരിശോധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
0 Comments