അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ പോലീസ് സ്‌റ്റേഷനിൽ സ്ത്രീക്ക് വെടിയേറ്റു. പോലീസ് ഉദ്യോഗസ്ഥൻ അബദ്ധത്തിൽ നിറയൊഴിക്കുകയായിരുന്നു. 55 കാരിയായ ഇഷ്രത്ത് എന്ന യുവതിക്കാണ് വെടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.50 ഓടെയാണ് അപകടം സംഭവിച്ചത്.[www.malabarflash.com]
ഉംറക്കായി സൗദി അറേബ്യ സന്ദർശിക്കാനിരിക്കുകയായിരുന്ന ഇഷ്രത്ത് പാസ്പോർട്ട് വെരിഫിക്കേഷനായി പോലീസ് സ്‌റ്റേഷനിലെത്തിയതായിരുന്നു. തന്റെ ഊഴം കാത്തിരിക്കുമ്പോഴാണ് ഒരു പോലീസുകാരൻ വെടിയുതിർത്തത്. തലയ്ക്ക് പിന്നിലാണ് വെടിയേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. വെടിവെച്ച പോലീസുകാരൻ ഒളിവിലാണ്.
വെടിയുതിർത്ത പോലീസുകാരനെ സസ്പെൻഡ് ചെയ്തതായും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായും അലിഗഡ് എസ്എസ്പി കലാനിധി നൈതാനി പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും എസ്എസ്പി കൂട്ടിച്ചേർത്തു.
അതേസമയം, പാസ്‌പോർട്ട് വെരിഫിക്കേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ യുവതിയോട് പണം ആവശ്യപ്പെട്ടിരുന്നതായും തർക്കത്തെ തുടർന്നാണ് ഉദ്യോഗസ്ഥൻ വെടിവെച്ചതെന്നും കുടുംബം ആരോപിച്ചു.
0 Comments