മലപ്പുറം: വീണ്ടും ക്യാമ്പസിലെ റോഡിലിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പോലെ തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്ന് ഗവർണർ പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ് കേരളത്തിലേത്. എന്നാൽ പോലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. പോലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും പൊലീസിനെതിരെ ഒരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാൻസലറുടെ അധികാരം സുപ്രീം കോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.[www.malabarflash.com]
സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചോളൂ, ആക്രമിക്കാൻ വരുന്നവർ വരട്ടെ, സുരക്ഷാ വേണ്ടെന്ന് ഡിജിപിക്ക് കത്ത് നൽകും, കോഴിക്കോട് മാർക്കറ്റിലേക്കാണ് പോകുന്നതെന്നും ഗവർണർ പറഞ്ഞു. തനിക്ക് സുരക്ഷ വേണ്ടന്നും കേരളത്തിലെ ജനങ്ങൾക്ക് തന്നോട് സ്നേഹമാണെന്നുമാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. പിന്നാലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇഎംഎസ് ചെയർ സന്ദർശിച്ച ഗവർണർ എസ്എഫ്ഐയുടെ ശക്തി കേന്ദ്രമെന്ന നിലയിലാണ് ഇവിടെ കയറിയതെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം ക്യാമ്പസിലെത്തിയ ഗവർണർ ഇപ്പോഴും ക്യാമ്പസിൽ തുടരുകയാണ്. ഗവർണറെ ക്യാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കിയതകോടെ വെല്ലുവിളിയെന്നോണം ഗവർണർ ക്യാമ്പസിലെത്തി ഗസ്റ്റ് ഹൗസിൽ താമസം ആരംഭിക്കുകയായിരുന്നു. ഇതിനിടെ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധിക്കുകയും പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചു.
ഇതിൽ പ്രകോപിതനായ ഗവർണർ റോഡിലിറങ്ങി ആക്രോശിക്കുകയും ബാനറുകൾ അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബാനറുകൾ അഴിക്കാത്തതിൽ പൊലീസിനോട് ക്ഷുഭിതനായ ഗവർണർ നിർബന്ധപൂർവ്വം പൊലീസിനെക്കൊണ്ട് ബാനർ അഴിപ്പിച്ചു. ഇതോടെ എസ്എഫ്ഐ കൂടുതൽ ബാനറുകൾ സ്ഥാപിക്കുകയും ഗവർണറുടെ കോലം കത്തിക്കുകയും ചെയ്തു.
0 Comments