പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ രണ്ടുപേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ കാഞ്ഞിരം കാണിവായിലെ നാട്ടുവൈദ്യനായ കുറുമ്പന്‍(64) കരിമ്പുഴ കുലുക്കിലിയാട് സ്വദേശി ബാലു(45) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്.[www.malabarflash.com]
കഴിഞ്ഞദിവസം വൈകിട്ട് നാട്ടുവൈദ്യനായ കുറുമ്പന്റെ വീട്ടിലാണ് ഇരുവരെയും അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കാഞ്ഞിരത്തെ വീട്ടില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തുന്ന നാട്ടുവൈദ്യനാണ് കുറുമ്പന്‍. കരിമ്പുഴ സ്വദേശിയായ ബാലു ഇവിടെ ചികിത്സയ്‌ക്കെത്തിയതാണെന്നാണ് പറയപ്പെടുന്നത്. കുറുമ്പനെ വീടിനകത്തും ബാലുവിനെ വൈദ്യന്റെ വീടിന് പുറത്തുമാണ് അവശനിലയില്‍ കണ്ടത്.
സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മണ്ണാര്‍ക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ച് വ്യക്തതവരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
0 Comments