NEWS UPDATE

6/recent/ticker-posts

സിനിമാ നിർമാണമെന്ന പേരിൽ ലഹരിവില്പന, സംശയം തോന്നാതിരിക്കാൻ ഓഡിഷനും; 1.8 കിലോ എം.ഡി.എം.എ ഒളിപ്പിച്ചത് കാറിൽ

പറവൂര്‍: 1.810 കിലോഗ്രാം എം.ഡി.എം.എ.യുമായി പറവൂരിനടുത്ത് തത്തപ്പിള്ളിയില്‍ മൂന്നുപേര്‍ പിടിയിലായി. കാറിന്റെ ടയറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയ രാസലഹരിക്ക് വിപണിയില്‍ ഒന്നരക്കോടിയിലേറെ വിലവരും. ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി നിഥിന്‍ വിശ്വം (25), കരുമാല്ലൂര്‍ തട്ടാംപടി കണ്ണന്‍കുളത്തില്‍ നിഥിന്‍ കെ. വേണു (തംബുരു-28), പെരുവാരം ശരണംവീട്ടില്‍ അമിത്കുമാര്‍ (29) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പിടികൂടിയത്.[www.malabarflash.com]


തത്തപ്പിള്ളിയില്‍ വാടകയ്‌ക്കെടുത്ത വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഡല്‍ഹിയില്‍നിന്നാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നത്. അന്തസ്സംസ്ഥാന മയക്കുമരുന്നുകടത്തിലെ പ്രധാന കണ്ണികളാണിവര്‍. കൂടിയ അളവില്‍ രാസലഹരി കൊണ്ടുവന്ന് ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വില്പന. 50, 20 ഗ്രാം പായ്ക്കറ്റുകളാക്കുന്നത് തത്തപ്പിള്ളിയിലെ വാടകവീട്ടില്‍ വെച്ചാണ്. സംഘം വിമാനമാര്‍ഗമാണ് ഡല്‍ഹിക്ക് പോകുന്നത്. അവിടെ വെച്ച് സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങി അതിലാണ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്.

സിനിമാനിര്‍മാണത്തിന്റെ പേരില്‍ വീട് വാടകയ്ക്ക് എടുത്ത് അതിന്റെ മറവിലായിരുന്നു ലഹരിക്കടത്തും വില്പനയും. സംശയം തോന്നാതിരിക്കാന്‍ സിനിമയിലേക്കെന്ന പേരില്‍ ഓഡിഷനും നടത്തിയിരുന്നു.

പാലക്കാട് 12 കിലോഗ്രാം കഞ്ചാവ് പിടിച്ചകേസില്‍ പ്രതിയാണ് നിഥിന്‍ കെ. വേണു. കൊലപാതകശ്രമം, ആത്മഹത്യാപ്രേരണ കേസുകളില്‍ പ്രതിയാണ് നിഥിന്‍ വിശ്വം. ഡി.വൈ.എസ്.പി.മാരായ പി.പി. ഷംസ്, എം.കെ. മുരളി, ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്, സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് പി. നായര്‍, ഷാഹുല്‍ ഹമീദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments