കോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപക നേതാവ് ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ പുത്രിയും വനിതാ ലീഗ് നേതാവുമായിരുന്ന തസ്നീം ഷാജഹാൻ ഐ.എൻ.എല്ലിൽ തിരിച്ചെത്തി. കോഴിക്കോട് നടന്ന കൺവെൻഷനിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലിൽനിന്ന് തസ്നീം ഐ.എൻ.എൽ അംഗത്വം സ്വീകരിച്ചു. ഭർത്താവ് ഷാജഹാനും ഒപ്പമുണ്ടായിരുന്നു.[www.malabarflash.com]
ഐ.എൻ.എല്ലിന്റെ വനിതാ വിഭാഗമായ നാഷനൽ വുമൺസ് ലീഗിന്റെ ഭാരവാഹിയായിരുന്ന തസ്നീം മുസ്ലിം ലീഗിൽ ചേരുകയായിരുന്നു. എന്നാൽ, മാസങ്ങൾക്ക് മുമ്പ് മുസ്ലിം ലീഗിൽനിന്ന് രാജിവെച്ചു. രാജ്യത്തെ മതേതര–ജനാധിപത്യ വ്യവസ്ഥക്കെതിരെ കടുത്ത വെല്ലുവിളി ഉയർത്തുന്ന ഹിന്ദുത്വ ഫാഷിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്താൻ കോൺഗ്രസിന് ത്രാണിയില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് തസ്നീം ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ നേരിടാൻ ഇടതുജനാധിപത്യ മുന്നണിയുടെ അടിത്തറ വികസിപ്പിക്കുകയാണ് പോംവഴി. വരുംനാളുകളിൽ ഐ.എൻ.എല്ലിലൂടെ ആ ലക്ഷ്യം മുൻനിർത്തി പരിശ്രമങ്ങൾ നടത്തുമെന്ന് തസ്നീം പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കൾ തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കായി മുസ്ലിം സമൂഹത്തിന്റെ വിശാല താൽപര്യങ്ങൾ ബലി കഴിക്കുകയാണ്. 1980കളുടെ അവസാനം തൊട്ട് സേട്ട് സാഹിബ് ഏകനായി നടത്തിയ പോരാട്ടം ലീഗിന്റെ ആത്മവഞ്ചനാപരമായ നിലപാടിന് എതിരെയായിരുന്നു. ബാബരി ധ്വംസനം സാധ്യമാക്കിയതും ഇപ്പോൾ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നതും കോൺഗ്രസാണ്. ആ കോൺഗ്രസിനെ വിമർശിച്ചതിനാണ് സേട്ട് സാഹിബിനെ കേരള ലീഗ് നേതൃത്വം ദേശീയ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പിടിച്ചുപുറത്താക്കിയത്. തന്റെ പിതാവ് അന്ന് പറഞ്ഞതെല്ലാം ശരിയാണെന്ന് പുലർന്നു. ഐ.എൻ.എല്ലിനെ കരുത്തുറ്റ പ്രസ്ഥാനമായി മാറ്റിയെടുക്കേണ്ടത് തന്റെ കൂടി കടമയാണെന്ന് മനസ്സിലാക്കുന്നതായി തസ്നീം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ, ജന. സെക്രട്ടറി കാസിം ഇരിക്കൂർ, നാഷനൽ വുമൺസ് ലീഗ് സംസ്ഥാന ജന. സെക്രട്ടറി എം. ഹസീന ടീച്ചർ, കോഴിക്കോട് ജില്ല ജന. സെക്രട്ടറി ഖദീജ ടീച്ചർ എന്നിവർ പങ്കെടുത്തു.
0 Comments