NEWS UPDATE

6/recent/ticker-posts

പ്രതികൾ നിരവധികുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടു; വീടും സാമ്പത്തികനിലയും ക്യാമറ വിവരങ്ങളും കുറിച്ച ഡയറി ലഭിച്ചു

കൊല്ലം: ഓയൂര്‍ കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ മാമ്പള്ളികുന്നം കവിതാരാജില്‍ പദ്മകുമാര്‍ മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടികളുടെ വീടുകളും അവിടേക്കെത്താനുള്ള വഴികളും രക്ഷിതാക്കളുടെ സാമ്പത്തിക പശ്ചാത്തലവും രേഖപ്പെടുത്തിയ പ്രതിയുടെ ഡയറി പോലീസിനു ലഭിച്ചു.[www.malabarflash.com]


കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നാണ് കുട്ടികളെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടത്. കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങള്‍, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തികചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം പദ്മകുമാര്‍ വിശദമായി പഠിച്ചിരുന്നു. ശേഖരിച്ച വിവരങ്ങൾ ഡയറിയില്‍ ഓരോ പേജിലായി ഡയഗ്രം രൂപത്തില്‍ രേഖപ്പെടുത്തി. ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് പദ്മകുമാര്‍ അടുത്തിടെ നടത്തിയത്. മാസങ്ങളോളം ഇതിനായി ചെലവഴിച്ചു.

ചടയമംഗലം കുഞ്ഞയ്യപ്പക്ഷേത്രപരിസരം, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് മൂതല എന്നിവിടങ്ങളിൽ കാറുമായി സഞ്ചരിച്ചതിന്റെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കുഞ്ഞയ്യപ്പക്ഷേത്രപരിസരത്തെ വീടിനടുത്ത് മൂന്നുമണിക്കൂറോളം ചെലവഴിച്ചതായി പോലീസ് കണ്ടെത്തി. എന്നാൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഓയൂരിനടുത്ത് കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് നവംബര്‍ 27-ന് വൈകീട്ട് 4.20-നാണ്. ഇതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കാര്‍ പലയിടങ്ങളിൽ ചുറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പലയിടത്തും തട്ടിയെടുക്കല്‍ശ്രമം പരാജയപ്പെട്ടതായി പ്രതി പോലീസിനോട് പറഞ്ഞു.

ഒരു കുട്ടിയെമാത്രം തട്ടിയെടുത്ത് പത്തുലക്ഷം രൂപ കൈക്കലാക്കാനായിരുന്നില്ല പദ്മകുമാര്‍ ഉദ്ദേശിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കുട്ടികളുടെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലമനുസരിച്ച് മൂന്നുലക്ഷം മുതലുള്ള തുക ആവശ്യപ്പെടാനായിരുന്നു തീരുമാനം. കുട്ടികളെ കടത്തിക്കിട്ടുന്ന മോചനദ്രവ്യംകൊണ്ട് സാമ്പത്തികബാധ്യത തീര്‍ക്കാമെന്നും കുടുംബം കണക്കുകൂട്ടി. വലിയ തുക ആവശ്യപ്പെടാതിരുന്നാല്‍ കുട്ടികളുടെ രക്ഷിതാക്കള്‍ പണം നല്‍കുമെന്നും പോലീസിനെ അറിയിക്കില്ലെന്നും കരുതി. പിടിക്കപ്പെടുമെന്ന ചിന്ത ആസൂത്രണവേളയിലൊന്നും കുടുംബത്തിനുണ്ടായിരുന്നില്ലെന്നും ഇതിന്റെ ആത്മവിശ്വാസത്തിലാണ് പദ്മകുമാറും അനിതയും അനുപമയും മുന്നോട്ടുപോയിരുന്നതെന്നുമാണ് പോലീസ് പറയുന്നത്.

Post a Comment

0 Comments