റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ നയ അവലോകനത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആയിരുന്നു ഈ മാറ്റം പ്രഖ്യാപിച്ചത്. "വിവിധ വിഭാഗങ്ങളിലെ യുപിഐ ഇടപാടുകൾക്കുള്ള പരിധി കാലാകാലങ്ങളിൽ അവലോകനം ചെയ്യുന്നുണ്ട്. ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പണമടയ്ക്കുന്നതിനുള്ള യുപിഐ ഇടപാട് പരിധി ഓരോ ഇടപാടിനും ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്താൻ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. -മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി) പ്രഖ്യാപന വേളയിൽ, അദ്ദേഹം പറഞ്ഞു,
വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ഉയർന്ന തുകയുടെ യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെക്കറിങ് ഇടപാടുകൾക്കുള്ള ഇ-മാൻഡേറ്റ് (അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യാൻ നൽകുന്ന അനുമതി) പരിധി 15,000ത്തിൽനിന്ന് ഒരു ലക്ഷം രൂപയാക്കി ഉയർത്തിയതായും അദ്ദേഹം അറിയിച്ചു. ഇ-മാൻഡേറ്റ് വഴി, 15,000 രൂപക്കു മുകളിലുള്ള ഇടപാടുകൾക്ക് നിലവിൽ അധിക അംഗീകാരം ആവശ്യമാണ്. ‘‘മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് പ്രീമിയം, ക്രെഡിറ്റ് കാർഡ് അടവുകൾ നടത്താൻ ഒരു ഇടപാടിന് ഒരു ലക്ഷം രൂപ എന്ന നിലയിലാണ് ഇ-മാൻഡേറ്റ് പരിധി ഉയർത്തിയത്’’ -അദ്ദേഹം പറഞ്ഞു.
ഫിൻടെക്’ എന്നറിയപ്പെടുന്ന, സാമ്പത്തിക സേവനങ്ങളിൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് ‘ഫിൻടെക് റിപ്പോസിറ്ററി’ സ്ഥാപിക്കുമെന്നും രാജ്യത്തെ സാമ്പത്തിക മേഖലക്ക് ഉപയോഗപ്രദമാകാൻ ക്ലൗഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, സാധാരണ പേയ്‌മെന്റുകൾക്കുള്ള യു.പി.ഐ ഇടപാടിന്റെ പരിധി ഓരോ ഇടപാടിനും ഒരു ലക്ഷം രൂപ വരെയാണ്. ക്യാപിറ്റൽ മാർക്കറ്റുകൾ, കളക്ഷനുകൾ, ഇൻഷുറൻസ്, ഫോറിൻ ഇൻവേർഡ് റെമിറ്റൻസ് എന്നിവ പോലെ യുപിഐയിലെ ചില പ്രത്യേക വിഭാഗങ്ങളുടെ ഇടപാടുകൾക്ക്, പരിധി 2 ലക്ഷം വരെയാണ്.
0 Comments