കൊച്ചി: കൊച്ചിയിലെ 10 വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനു മോഹന്‍ കുറ്റക്കാരന്‍. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധിയില്‍ വാദം ഉച്ചക്കുശേഷം നടക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.[www.malabarflash.com]
വൈഗയെ ശീതളപാനീയത്തില്‍ മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം സനു മോഹന്‍ മുട്ടാര്‍ പുഴയിലെറിഞ്ഞെന്നാണ് കേസ്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചുമത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി വന്നത്.
2021 മാര്‍ച്ചിലാണ് സനുമോഹനെയും വൈഗയെയും കാണാതായതായി കുടുംബം പോലീസില്‍ പരാതി നല്‍കുന്നത്. ആലപ്പുഴയിലെ ഭാര്യവീട്ടില്‍ നിന്നും ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് സനു മോഹന്‍ മകളുമായി പോയത്. എന്നാല്‍ മാര്‍ച്ച് 22ന് മുട്ടാര്‍ പുഴയില്‍ വൈഗയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സനുമോഹനും പുഴയില്‍ ചാടി ആത്മഹത്യ ചെയ്‌തെന്ന വിശ്വാസത്തില്‍ രണ്ട് ദിവസം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്ന സനു മോഹന്‍ വൈഗയെ കൊന്ന് നാട് വിട്ടതായി പിന്നീട് അന്വേഷണത്തില്‍ നിന്ന് മനസിലായി. ഇതിനിടെ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് കര്‍ണാടക പോലീസിന്റെ സഹായത്തോടെ പ്രതിയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 81ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 1200 പേജുള്ള കുറ്റപത്രത്തില്‍ 300 പേരുടെ സാക്ഷി മൊഴികളാണുള്ളത്. വിചാരണ സമയത്ത് വൈകാരികമായാണ് സനുമോഹന്‍ പ്രതികരിച്ചത്. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു.
0 Comments