1967ല്‍ മുക്കം യതീംഖാനയുടെ ശാഖയായി ആരംഭിച്ചതുമുതല്‍ ഡബ്ല്യുഎംഒയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മുഹമ്മദ് ജമാലിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. 1976ല്‍ ഡബ്ല്യുഎംഒ ജോയിന്റ് സെക്രട്ടറിയായ അദ്ദേഹം 1988 മുതല്‍ ജനറല്‍ സെക്രട്ടറിയാണ്. അനേകരെ തണലില്‍ നിര്‍ത്തുന്ന വന്‍മരമാണ് ഇന്ന് വയനാട് മുസ്‌ലിം യത്തീംഖാന. അനാഥരും അഗതികളുമായ 1,398 പേര്‍ക്ക് ഇപ്പോള്‍ സംരക്ഷണം നല്‍കുന്ന യത്തീം ഖാനയ്ക്കു കീഴില്‍ 35 സ്ഥാപനങ്ങളുണ്ട്.
2005 മുതല്‍ യത്തീം ഖാനയില്‍ നടത്തുന്ന സ്ത്രീധനരഹിത വിവാഹ സംഗമങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് ആളുകള്‍ സ്‌നേഹപൂര്‍വം ജമാല്‍ സാഹിബ് എന്നു വിളിക്കുന്ന മുഹമ്മദ് ജമാലാണ്. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളിലേതടക്കം 512 യുവതികളാണ് ഇതിനകം വിവാഹ സംഗമങ്ങളിലൂടെ കുടുംബിനികളായത്.
മൈസൂരുവില്‍നിന്നു വയനാട്ടില്‍ കുടിയേറിയ കുടുംബത്തിലെ അംഗമാണ് മുഹമ്മദ് ജമാല്‍. ബത്തേരി സര്‍വജന സ്‌കൂള്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നേടിയത്. ജില്ലയില്‍ സിബിഎസ്ഇ സ്‌കൂളുകള്‍ ആരംഭിക്കാന്‍ മുന്‍കൈയെടുത്തവരില്‍ ഒരാളാണ് അദ്ദേഹം. ഡബ്ല്യുഎംഒയ്ക്കു കീഴിലുള്ള നാല് സിബിഎസ്ഇ സ്‌കൂളുകളുടെയും മുട്ടില്‍ ഡബ്ല്യുഎംഒ ആര്‍ട്‌സ് ആന്‍ഡ് കോളജിന്റെയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത ഇമാം ഗസാലി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെയും ചെയര്‍മാന്‍ മുഹമ്മദ് ജമാലായിരുന്നു. കുളിവയല്‍ ഇമാം ഗസാലി അക്കാദമി, കുഞ്ഞാം ശരീഫ ഫാത്തിമ തഹ്ഫീളുല്‍ ഖുര്‍ആന്‍ സെന്റര്‍, സുല്‍ത്താന്‍ ബത്തേരി ദാറുല്‍ ഉലൂം അറബിക് കോളജ്, വനിതാ കോളജ് എന്നിവയുടെ തലപ്പത്തും മുഹമ്മദ് ജമാലാണ് പ്രവര്‍ത്തിച്ചുവന്നത്.
ആതുര സേവന രംഗത്ത് അദ്ദേഹം പ്രത്യേക ശ്രദ്ധയാണ് ചെലുത്തിയിരുന്നത്. രോഗികള്‍ക്കും സഹായികള്‍ക്കും ആശ്രമായി പ്രവര്‍ത്തിക്കുന്ന മാനന്തവാടിയിലെ ഡബ്ല്യുഎംഒ ബാഫഖി ഹോം, സുല്‍ത്താന്‍ ബത്തേരിയിലെ ഡബ്ല്യുഎംഒ പൂക്കോയ തങ്ങള്‍ സ്മാരക സൗധം എന്നിവ മുഹമ്മദ് ജമാലിന്റെ നേതൃത്വത്തിലാണ് യാഥാര്‍ഥ്യമാക്കിയത്.
ആതുര ശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ 280 വനിതകളെ ഉള്‍പ്പെടുത്തി വോളണ്ടിയര്‍ ടീം രൂപീകരിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ദാരിദ്ര്യ നിര്‍മാര്‍ജനം, ആദിവാസി ക്ഷേമം, ഭിന്നശേഷിക്കാരുടെ പുനരധിവാസം എന്നിവയിലും സജീവമായിരുന്നു അദ്ദേഹം. അന്ധ-ബധിര വിദ്യാര്‍ഥികള്‍ക്കായി ഡബ്ല്യുഎംഒയുടെ കീഴില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
0 Comments