NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ക്ഷേത്രത്തിൽ വലിയ കലം കനിപ്പ് മഹാനിവേദ്യത്തിന് 2ന് തുടക്കം

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മകരമാസ വലിയ കലംകനിപ്പ് മഹാനിവേദ്യ സമർപ്പണം 2ന് തുടങ്ങും. രാവിലെ 10ന് ഭണ്ഡാര വീട്ടിൽ നിന്നുള്ള പണ്ടാരക്കലം പടിഞ്ഞാറ്റയിൽ നിന്ന് അതിനായി നിയുക്തയായ സ്ത്രീ ഏറ്റുവാങ്ങും. സമീപപ്രദേശങ്ങളിലെ വീടുകളിൽ നിന്നുള്ള കലങ്ങളുമായി സ്ത്രീകൾ പണ്ടാരക്കലത്തെ ക്ഷേത്രത്തിലേക്ക് അനുഗമിക്കും.[www.malabarflash.com]

പണ്ടാരക്കലം ക്ഷേത്ര സമർപ്പണം പൂർത്തിയാക്കുന്ന മുറയ്ക്ക് കഴക പരിധിയിലെ വിവിധ പ്രാദേശിക സമിതികളിൽ നിന്ന് ചെണ്ടമേള വാദ്യ ഘോഷങ്ങളോടെ നേർച്ച കലങ്ങളുടെ പ്രവാഹം ക്ഷേത്രത്തിലെത്തും.ഇത് ഉച്ചവരെ തുടരും. വ്രത ശുദ്ധിയോടെ തീയ സമുദായത്തിൽ പെട്ട സ്ത്രീകളാണ് നേർച്ച കലങ്ങൾ സമർപ്പിക്കുന്നത്.ആർക്കും നേർച്ച സമർപ്പിക്കാമെങ്കിലും അത് സമർപ്പിക്കുന്നത് തീയ സമുദായത്തിൽ പെട്ടവരായിരിക്കും. 

പുരുഷന്മാർക്കും ഇതിന് വിലക്കില്ല. കുത്തിയ അഞ്ഞാഴി അരി , അതിൽനിന്ന് ഒരു നാഴി പൊടിച്ചതും, ശർക്കര, നാളികേരം, അടയ്‌ക്ക-വെറ്റില എന്നിവയാണ് കലത്തിൽ ഉണ്ടാവുക. ഇവയെല്ലാം പുത്തൻ മൺകലത്തിൽ
നിറച്ച് വാഴയില കൊണ്ടു മൂടിക്കെട്ടി കയ്യിൽ കുരുത്തോലയുമായി വ്രതശുദ്ധിയോടെ തലയിലേറ്റി കാൽനടയായി വേണം ക്ഷേത്രത്തിലെത്തേണ്ടത്.

അട ചുട്ടെടുക്കാനുള്ള 'കൊട്ട്ള ' കെട്ടാനാണ് കുരുത്തോല. കലങ്ങൾ സമർപ്പണം പൂർത്തിയാക്കി ദേവിയെ തൊഴുത് വണങ്ങി മഞ്ഞൾ കുറി പ്രസാദം സ്വീകരിച്ച് 'മങ്ങണ'ത്തിൽ വിളമ്പുന്ന മാങ്ങാ അച്ചാർ ചേർത്ത ഉണക്കലരി കഞ്ഞിയും കഴിച്ച് വ്രതം അവസാനിപ്പിച്ചാണ് മടങ്ങുക. ആയിരക്കണക്കിന് കലങ്ങൾ സമർപ്പണത്തിനെത്തും. ക്ഷേത്രാങ്കണത്തിൽ നിരത്തിയ കലങ്ങളിലെ വിഭവങ്ങൾ വാല്യക്കാർ വേർതിരിക്കും. തുടർന്ന് ആചാര സ്ഥാനികരുടെ നേതൃത്വത്തിൽ വാല്യക്കാരും ഭാരവാഹികളും ചോറും അടയും ഉണ്ടാക്കും. പകലും രാത്രിയും ഈ ജോലി വിശ്രമമില്ലാതെ തുടരും. 

3ന് രാവിലെ അനുഷ്ഠാന ചടങ്ങുകൾക്ക് ശേഷം നിവേദ്യ ചോറും ചുട്ടെടുത്ത അടയും കലത്തിൽ നിറച്ച് നൽകും.

മഹാവ്യാധികൾ, വിളനാശം എന്നിവയിൽ നിന്ന് മുക്തി നേടാനും അഭീഷ്ടകാര്യ സിദ്ധിക്കും വേണ്ടിയാണ് കലംകനിപ്പ് നേർച്ച അർപ്പിക്കുന്നതെന്നാണ് വിശ്വാസം.
വലിയ കലംകനിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും വിവിധ പ്രാദേശിക സമിതിയിൽ നിന്നുള്ള വാല്യക്കാരുടെ
സേവനം ക്ഷേത്രത്തിൽ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.

മൺപാത്ര നിർമാണ ജോലിക്കാർക്ക്
നേരിയ ആശ്വാസമായി പാലക്കുന്നിലെ കലംകനിപ്പ്

വിപണി കണ്ടെത്താനാവാതെ പ്രതിസന്ധി നേരിടുന്ന മൺപാത്ര നിർമാണം ജീവിത മാർഗമായി സ്വീകരിച്ച എരിക്കുളം, കീക്കാൻ, പൈക്ക, എരുമക്കുളം, പിലിക്കോട്, ചിപ്ലിക്കയ തുടങ്ങിയ ഇടങ്ങളിലെ പരമ്പരാഗത തൊഴിലാളി കുടുംബങ്ങൾക്കു നേരിയ ആശ്വാസമാണ് പാലക്കുന്ന് ക്ഷേത്രത്തിൽ നടത്തപ്പെടുന്ന ധനു, മകര മാസങ്ങളിലെ കലംകനിപ്പ്. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളാണ് പ്രധാനമായും മൺപാത്ര നിർമാണത്തിന് ഭീഷണി.കളിമണ്ണിന്റെ ലഭ്യത കുറവ്, മണ്ണിനോടും ചൂളയോടും പുത്തൻ തലമുറയ്ക്ക് കാണുന്ന താല്പര്യക്കുറവ് എന്നിവ മൂലം ഇതെത്ര നാൾ ഇനിയും തുടരാനാവുമെന്ന ആശങ്കയിലാണ് ഇവർ. സർക്കാർ കനിഞ്ഞാൽ മാത്രമേ രക്ഷയുള്ളൂ വെന്നാണ് അവരുടെ പക്ഷം.
100 മുതൽ 150 രൂപ വരെയാണ് കലം കനിപ്പിനായുള്ള കലങ്ങൾ ഇവിടെ വിറ്റഴിക്കപ്പെടുന്നത്.8000നും 10000നും മധ്യേ കലങ്ങൾ ഇവിടെ ഈ സീസണിൽ വിറ്റഴിക്കുന്നുണ്ട്.

Post a Comment

0 Comments