കാസര്‍കോട്: ചൂരിയിലെ മദ്റസാധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്ന തീയതി തീരുമാനിക്കാൻ കേസ് ജനുവരി 20ലേക്ക് മാറ്റിവെച്ചു. വിചാരണയും അന്തിമവാദവും തുടര്‍നടപടികളും പൂര്‍ത്തിയായ കേസ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ചിരുന്നു.[www.malabarflash.com]
വിധി പറയുന്നതിന് മുമ്പുള്ള അവസാനവാദമാണ് കോടതിയില്‍ നടക്കുന്നത്. ഈ മാസം തന്നെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാലത്ത് മാറ്റിവെക്കേണ്ടിവന്ന കേസുകളും ഇപ്പോള്‍ ജില്ല കോടതിയുടെ പരിഗണനയാണ്. ഈ കേസുകള്‍ക്ക് കാലതാമസം വന്നതിനാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.
2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് പഴയ ചൂരി പള്ളിയോട് ചേര്‍ന്ന താമസസ്ഥലത്ത് സംഘ്പരിവാർ സംഘം റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. കേസിൽ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് റിയാസ് മൗലവി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
90 ദിവസത്തിനകം തന്നെ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഡി.എന്‍.എ പരിശോധനഫലം അടക്കമുള്ള 50ലേറെ രേഖകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
0 Comments