NEWS UPDATE

6/recent/ticker-posts

ബോട്ട് മറിഞ്ഞ് 23 മണിക്കൂര്‍ നടുക്കടലില്‍; ഒടുവില്‍ മത്സ്യത്തൊഴിലാളി രക്ഷപ്പെട്ടത് വാച്ച് ഉപയോഗിച്ച്

എവിടെ പോകുമ്പോഴും സമയം നോക്കാനായി മനുഷ്യന്‍ കണ്ടുപിടിച്ച ഉപകരണമാണ് വാച്ച്. സാങ്കേതികവിദ്യ പുരോഗമിച്ചപ്പോള്‍ വാച്ച് സ്മാര്‍ട്ടാകുകയും കേവലം സമയമറിയുക എന്നതിനപ്പുറം ഹെല്‍ത്ത് ട്രാക്കര്‍ എന്ന നിലയിലേക്കും വാച്ചുകള്‍ വളര്‍ന്നു. ഇപ്പോഴിതാ, മനുഷ്യന്റെ ജീവന്‍ രക്ഷിക്കാനും വാച്ചിന് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം.[www.malabarflash.com]


ഒരു മത്സ്യത്തൊഴിലാളിയാണ് ഈ വാര്‍ത്തയിലെ താരം. തന്റെ ചെറുബോട്ടുമായി ഒറ്റയ്ക്ക് മീന്‍ പിടിക്കാനായി കടലില്‍ പോയതായിരുന്നു ഇയാള്‍. നടുക്കടലില്‍ വെച്ച് മാര്‍ലിന്‍ ഫിഷിനെ പോലെയുള്ള ഒരു ഭീമന്‍ മത്സ്യം ചൂണ്ടയില്‍ കുടുങ്ങിയതോടെ നിയന്ത്രണം തെറ്റിയ ബോട്ട് തലകീഴായി കടലില്‍ മറിഞ്ഞു.

നാല് ചുറ്റിനും കടല്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും കരയിലേക്ക് നീന്താനാണ് ഇയാള്‍ തീരുമാനിച്ചത്. ന്യൂസിലാന്‍ഡിന്റെ വടക്കുകിഴക്കുള്ള അല്‍ഡെര്‍മാന്‍ ദ്വീപാണ് ഏറ്റവും അടുത്തുള്ള കര. എന്നാല്‍ ബോട്ട് മറിഞ്ഞയിടത്തുനിന്ന് ആ തീരത്തേക്ക് 55 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. അതിനാല്‍ തന്നെ അധികസമയം കഴിയുന്നതിന് മുമ്പ് തന്നെ മത്സ്യത്തൊഴിലാളി തളര്‍ന്നു. കൂടാതെ കൂടാതെ കടലിലെ ജലപ്രവാഹങ്ങള്‍ അയാളെ എതിര്‍ദിശയിലേക്ക് കൊണ്ടുപോയി.

ഏതാണ്ട് 23 മണിക്കൂറോളം സമയം അദ്ദേഹത്തിന് നടുക്കടലില്‍ തുടരേണ്ടിവന്നു. തന്റെ വാച്ച് ഉപയോഗിച്ച് ചെയ്ത ഒരു 'ട്രിക്ക്' കൊണ്ടാണ് ഇദ്ദേഹം നടുക്കടലില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയത്. തന്റെ കയ്യിലെ വാച്ച് ഉപയോഗിച്ച് സൂര്യപ്രകാശം പ്രതിഫലിപ്പിച്ചാണ് അദ്ദേഹം രക്ഷപ്പെടാനായി ശ്രമിച്ചത്. കടലിലുള്ള ഏതെങ്കിലും ബോട്ടുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. ഒടുവില്‍ അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചു.

ഉച്ചയ്ക്ക് രണ്ടുമണിയോടെ നടുക്കടലിലെ അസാധാരണമായ പ്രതിഫലനം കണ്ട് ഏതാണ്ട് 600 മീറ്റര്‍ അകലെയുണ്ടായിരുന്ന ഒരു മത്സ്യബന്ധന ബോട്ട് എത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ടെയ്‌ലര്‍, മൈക്ക്, ജെയിംസ് എന്നീ മൂന്ന് മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടിലുണ്ടായിരുന്നത്. 'നിങ്ങളെ കണ്ടതില്‍ വളരെ സന്തോഷം' എന്നായിരുന്നു നടുക്കടലില്‍ കിടക്കുകയായിരുന്ന മത്സ്യത്തൊഴിലാളി തങ്ങളോട് ആദ്യമായി പറഞ്ഞതെന്ന് ഇവര്‍ ഓര്‍ത്തെടുത്തു. ഇയാളെ കടലില്‍ നിന്ന് ബോട്ടിലേക്ക് വലിച്ചുകയറ്റിയശേഷം ഉടന്‍ അവര്‍ പോലീസിനെ വിവരം അറിയിച്ചു.

ഇതിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്താണ് എന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയത്. ബോട്ട് മറിഞ്ഞ് നടുക്കടലില്‍ പെട്ട ഇദ്ദേഹം തണുത്ത കാലാവസ്ഥയിൽ രാത്രി മുഴുവന്‍ കടലില്‍ കഴിച്ചുകൂട്ടി.

'മഹാത്ഭുത'മാണ് സംഭവിച്ചത് എന്നാണ് ഇതേ കുറിച്ച് പോലീസ് പറഞ്ഞത്. മഹത്തായ കാര്യമാണ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ ചെയ്തതെന്നും ന്യൂസിലാന്‍ഡ് പോലീസ് പറഞ്ഞു. ഇതിനിടെ ഒരു സ്രാവ് തൊട്ടരികെ വന്ന് മണം പിടിച്ചു നോക്കിയ ശേഷം തിരിച്ചു പോയെന്ന് മത്സ്യത്തൊഴിലാളി പറഞ്ഞതായും പോലീസ് കൂട്ടിച്ചേർത്തു.

Post a Comment

0 Comments