NEWS UPDATE

6/recent/ticker-posts

കേന്ദ്ര അവഗണനയ്ക്കെതിരേ കൈകോർത്ത് ഡിവൈഎഫ്‌ഐ; കാസർകോട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല

തിരുവനന്തപുരം: ഈ അവഗണന ഇനിയും സഹിക്കില്ലെന്ന്‌ ഉറച്ചശബ്ദത്തിൽ ഉറക്കെപ്പറഞ്ഞ്‌ തെരുവോരങ്ങളിൽ കേരളത്തിന്റെ മനുഷ്യമഹാമതിൽ. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ കാസർകോടുമുതൽ രാജ്‌ഭവൻവരെ 651 കിലോമീറ്ററിൽ കേരളം ഒറ്റക്കെട്ടായി അണിനിരന്നു.[www.malabarflash.com]


ബദലൊരുക്കുന്ന കേരളത്തെ പകയോടെ തകർക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിനുള്ള താക്കീതായി സമരം മാറി.കാസർകോട്‌ റെയിൽവേ സ്റ്റേഷനുമുന്നിൽ എ എ റഹിം എംപി ആദ്യ കണ്ണിയായ മനുഷ്യ മഹാശൃംഖലയിൽ ജാതിയും മതവും ദേശവും മറന്ന്‌ നാട്‌ ഒരു മനസ്സോടെ കൈകോർത്തു. കേരളത്തിനെതിരായ നീക്കങ്ങളുടെ കേന്ദ്രമാക്കി സംഘപരിവാർ മാറ്റിയ രാജ്‌ഭവൻവരെ നീണ്ട ചങ്ങലയിൽ ആബാലവൃദ്ധം കണ്ണിപൊട്ടാതെ ചേർന്നുനിന്നു. കർഷകർ, തൊഴിലാളികൾ, ജീവനക്കാർ, എഴുത്തുകാർ, കലാകാരന്മാർ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ പരിച്ഛേദമായി ചങ്ങല മാറി.
രാജ്‌ഭവനു മുന്നിൽ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ അവസാന കണ്ണിയായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻ പിള്ള, പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ആനാവൂർ നാഗപ്പൻ, പി കെ ബിജു, കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി, ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറി ഹിമാഗ്‌നരാജ്‌ ഭട്ടാചാര്യ, സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, നടൻ മധുപാൽ, കവി മുരുകൻ കാട്ടാക്കട, ജി എസ്‌ പ്രദീപ്‌, ഗിരീഷ്‌ പുലിയൂർ തുടങ്ങിയവരും രാജ്‌ഭവനുമുന്നിലെ ചങ്ങലയിൽ കൈകോർത്തു. സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മതനിരപേക്ഷതയും സോഷ്യലിസവും ജനാധിപത്യവും തകർക്കുന്ന കേന്ദ്രഭരണത്തിനെതിരായ സമരമുന്നണിയിൽ അചഞ്ചലമായി അണിചേരുമെന്ന്‌ ജനലക്ഷങ്ങൾ ഏറ്റുചൊല്ലി. നൂറുകണക്കിനു കേന്ദ്രങ്ങളിൽ പൊതുയോഗം ചേർന്നു. രാജ്‌ഭവനു മുന്നിൽ എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു.

കാസർകോട്‌ നടൻ പി പി കുഞ്ഞിക്കൃഷ്‌ണൻ, കണ്ണൂരിൽ പി കെ ശ്രീമതി, എം മുകുന്ദൻ, ആലങ്കോട്‌ ലീലാകൃഷ്‌ണൻ, ഗായത്രി വർഷ, ഫുട്‌ബോൾ താരം സി കെ വിനീത്‌, കോഴിക്കോട്ട്‌ കെ പി രാമനുണ്ണി, നടൻ ഇർഷാദ്‌, മലപ്പുറത്ത്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ, മുതിർന്ന നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി, തൃശൂരിൽ കെ സച്ചിദാനന്ദൻ, കരിവെള്ളൂർ മുരളി, സി പി അബൂബക്കർ, അശോകൻ ചരുവിൽ, സംവിധായകൻ പ്രിയനന്ദനൻ, എറണാകുളത്ത്‌ പ്രൊഫ. എം കെ സാനു, സംവിധായകൻ ആഷിഖ്‌ അബു എന്നിവർ കണ്ണികളായി. ജില്ലയിൽ കറുകുറ്റി പൊങ്ങത്ത് ഡിവെെഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ ആദ്യ കണ്ണിയും കുമ്പളം ജങ്ഷനിൽ കെ ജെ മാക്സി എംഎൽഎ അവസാന കണ്ണിയുമായി. ആലപ്പുഴയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി എം തോമസ്‌ ഐസക്‌, സി എസ്‌ സുജാത, നടൻ അനൂപ്‌ ചന്ദ്രൻ, കൊല്ലത്ത്‌ കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, മുതിർന്ന നേതാവ്‌ പി കെ ഗുരുദാസൻ, ജയരാജ്‌ വാര്യർ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവർ കണ്ണിചേർന്നു.

Post a Comment

0 Comments