NEWS UPDATE

6/recent/ticker-posts

"ശക്തി കാസറകോട്" ആസ്ഥാന മന്ദിരത്തിന് ശിലയിട്ടു

പാലക്കുന്ന്: യു.എ.ഇ.യിൽ ജോലിചെയ്യുന്ന ജില്ലയിലെ തീയ്യ സമുദായത്തിൽ പെട്ട പ്രവാസി കൂട്ടായ്മ 'ശക്തി' (സോഷ്യൽ അസോസിയേഷൻ ഓഫ് കാസർകോട് തീയ്യാസ്) യ്ക്ക് പാലക്കുന്നിൽ ആസ്ഥാന മന്ദിരം നിർമിക്കും. ടൗണിൽ നിർമിക്കുന്ന ഇരുനില മന്ദിരത്തിന്റെ കുറ്റിയടിക്കൽ കർമം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മുഖ്യ കർമി സുനീഷ് പൂജാരി നിർവഹിച്ചു. 
തുടർന്ന് പാലക്കുന്ന് ഭണ്ഡാര വീട് ക്ഷീരശൈലം ഓഡിറ്റോറിയത്തിൽ നടന്ന യോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു.[www.malabarflash.com] 

 ശക്തി കാസറകോട് യു.എ. ഇ. പ്രസിഡന്റ്‌ വിജയകുമാർ പാലക്കുന്ന് അധ്യക്ഷനായി. ജനറൽ സെക്രട്ടറി കുഞ്ഞിരാമൻ ചുള്ളി, പാലക്കുന്നു ക്ഷേത്ര ഭരണസമിതി ജനറൽ സെക്രട്ടറി പി. പി. ചന്ദ്രശേഖരൻ, ആശ്രയ യു.എ.ഇ പ്രസിഡന്റ്‌ പുരുഷോത്തമൻ പടിഞ്ഞാർ, ശക്തി കൂട്ടായ്മ കാസറകോട് മേഖല പ്രസിഡന്റ്‌ അച്യുതൻ പള്ളം, ശക്തി യു.എ.ഇ മുൻ പ്രസിഡന്റും തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റുമായ ഗണേഷ് അരമങ്ങാനം, മുൻ വൈസ് പ്രസിഡന്റ്‌ രാജൻ പാക്കം, ദാമോദരൻ മണിയങ്ങാനം, ബാലകൃഷ്ണൻ ഇടുവുങ്കാൽ, ബാലകൃഷ്ണൻ വെങ്ങാട്ട്, ആടിയത്ത് അച്യുതൻ, പി. വി. കൃഷ്ണൻ, എച്ച്. വിശ്വംഭരൻ,എന്നിവർ പ്രസംഗിച്ചു.

2006 ലാണ് 'ശക്തി കാസർകോട് ' എന്ന പേരിൽ സംഘടനയ്ക്ക് ഗൾഫിൽ രൂപം നൽകിയത്. സാമൂഹിക, സാംസ്‌കാരിക, കായിക, സാമുദായിക രംഗത്ത് ഉന്നമനം എന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കം. 'ശക്തി സ്നേഹവീട് പദ്ധതി' വഴി ചെറുവത്തൂർ മയിച്ചയിൽ നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീട് നിർമിച്ച് നൽകി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു. രണ്ടാമത്തെ വീട് നിർമാണത്തിന്റെ കരട് തയ്യാറായി വരുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. 

കാഞ്ഞങ്ങാട് ദീപ നഴ്‌സിങ് ഹോമിൽ ഡയാലിസിസ് യൂണിറ്റും നൽകി യിട്ടുണ്ട് .പാവപ്പെട്ട രോഗികൾക്ക് ചികിത്സാ ചെലവുകളും മിടുക്കരായവരെ കണ്ടെത്തി വിദ്യാഭ്യാസ അവാർഡുകളും നൽകി വരുന്നുണ്ട്. ശക്തിക്ക് വനിതാ വിങും കാസർകോട് കേന്ദ്രീകരിച്ച് ഉപകമ്മിറ്റിയും പ്രവർത്തിച്ചു വരുന്നുണ്ട്.

Post a Comment

0 Comments