തൊടുപുഴ: ചിന്നക്കനാലിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്ന് വിജിലൻസ്. 50 സെന്റ് പുറമ്പോക്ക് കൈയേറി എം.എൽ.എ മതിൽ നിർമിച്ചത് കണ്ടെത്തിയിട്ടുണ്ട്. ഭൂമി രജിസ്ട്രേഷനിലും ക്രമക്കേടുണ്ട്. കെട്ടിടത്തിന്റെ കാര്യം അദ്ദേഹം മറച്ചുവെച്ചതായും വിജിലൻസ് വ്യക്തമാക്കി.[www.malabarflash.com]
അന്വേഷണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉച്ചക്ക് തൊടുപുഴ മുട്ടം വിജിലൻസ് ഓഫിസിൽ വിജിലൻസ് ഡിവൈ.എസ്.പിക്ക് മുന്നിൽ അദ്ദേഹം ഹാജരായി. എഴുതി തയാറാക്കിയ 100ലധികം ചോദ്യങ്ങളാണ് വിജിലൻസ് സംഘം ചോദിച്ചത്.
എം.എൽ.എക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്ന് ബോധ്യമായതായി വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസഫ് പറഞ്ഞു. കൈയേറിയ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാറിന് ശിപാർശ നൽകും. 2008ലെ മിച്ചഭൂമിക്കേസിൽ ഉൾപ്പെട്ട സ്ഥലത്താണ് മാത്യു കുഴൽനാടന്റെ റിസോർട്ട്. ഈ സ്ഥലം വിൽക്കാനാവില്ല.
ചട്ടങ്ങൾ മാറികടന്നാണ് വില്ലേജ് ഓഫിസർ ഭൂമി പോക്കുവരവ് ചെയ്തത്. എന്നാൽ, ഇതിൽ കുഴൽനാടന് പങ്കുള്ളതായി തെളിവില്ല. പ്രാഥമിക പരിശോധന പൂർത്തിയാക്കി വിജിലൻസ് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. റിസോർട്ട് ഇടപാടിൽ വിജിലൻസ് പ്രാഥമികാന്വേഷണം ആരംഭിച്ച് നാല് മാസത്തിന് ശേഷമാണ് കുഴൽനാടനെ മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചത്.
അതേസമയം അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വാങ്ങിയ ഭൂമി അളന്നുനോക്കിയിട്ടില്ലെന്നും ആധാരത്തിലേതിനെക്കാൾ കൂടുതൽ ഭൂമി ഉണ്ടോയെന്ന് അറിയില്ലെന്നും അളന്നുനോക്കി കൂടുതലുണ്ടെങ്കിൽ തുടർനടപടി എടുക്കട്ടെയെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് പെട്ടെന്ന് പൊങ്ങിവന്നത് മാസപ്പടി വിഷയം ഉയർന്നതിനുശേഷമാണ്.
പൊതുജനത്തിനു മുന്നിൽ സംശയത്തിന്റെ പുകമറ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെങ്കിൽ അനുവദിക്കില്ല. ഭൂമി തന്ന ആളുകൾ ഇട്ട അതിരടയാളം മാത്രമാണ് ഇപ്പോഴും ഉള്ളത്. വാങ്ങിയശേഷം പ്രത്യേകമായി അളന്നിട്ടില്ല. അതേസമയം, എക്സാലോജിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് താൻ നൽകിയ പരാതി വിജിലൻസ് ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments