NEWS UPDATE

6/recent/ticker-posts

‘തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ’: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്

കോഴിക്കോട്: ചാനൽ ചർച്ചയിലെ ‘തട്ടമിടാത്ത മുസ്‍ലിം സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെ’ന്ന പരാമർശത്തിന്റെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ഒ​ക്​ടോബർ ഏഴിന് റിപ്പോർട്ടർ ചാനലിലെ ‘ക്ലോസ് എൻകൗണ്ടർ’ പരിപാടിയിൽ നടത്തിയ പരാമർശത്തിനെതിരെ പൊതുപ്രവർത്തക വി.പി. സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പോലീസിന്‍റെ നടപടി.[www.malabarflash.com]


സമുദായത്തിൽ മതപരമായ വികാരം ആളിക്കത്തിക്കണമെന്നും മുസ്‍ലിം സ്ത്രീകളുടെ മതവികാരങ്ങൾ വ്രണപ്പെടുത്തണമെന്നും കരുതിക്കൂട്ടി ലക്ഷ്യമിട്ട് പ്രസ്താവന നടത്തിയെന്നാണ് പ്രഥമവിവര റിപ്പോർട്ടിലുള്ളത്. ശിക്ഷാനിയമം 295 എ (മതവികാരവും വിശ്വാസവും വ്രണപ്പെടുത്തൽ), 298 (മതവികാരം വ്രണപ്പെടുത്തുന്ന സംസാരം) എന്നീ വകുപ്പുകളിലാണ്​ കേസ്. ഇതിൽ 295 എ ജാമ്യമില്ലാ വകുപ്പാണ്.

ഇടതുപക്ഷ സ്വാധീനഫലമായുള്ള വിദ്യാഭ്യാസം നേടിയതിനാലാണ് മലപ്പുറത്ത് മുസ്‍ലിം സ്ത്രീകൾ തട്ടമുപേക്ഷിക്കുന്നതെന്ന വിധം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽകുമാറിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കവെയായിരുന്നു ഉമർ ഫൈസിയുടെ വിവാദ പരാമർശം. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമർശം സമസ്ത നേതാവ് ഉമർ ഫൈസി മുക്കം നടത്തിയത്.

Post a Comment

0 Comments