മലപ്പുറം: മലപ്പുറത്തെ ഭണ്ഡാരക്കള്ളനെ സാഹസികമായി പിടികൂടി ദർസ് വിദ്യാർത്ഥികൾ. കണ്ണൂർ സ്വദേശി മുജീബിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് മലപ്പുറം ആലത്തൂർപടി ജുമാമസ്ജിദിൽ മോഷണം നടന്നത്. ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകർക്കുന്നതിനിടെ പള്ളിയിൽ താമസിക്കുന്ന മതപഠനം നടത്തുന്ന കുട്ടികളാണ് കള്ളനെ കണ്ടത്. ഇയാളെ കുട്ടികൾ കെട്ടിടത്തിന്‍റെ മുകളിലേക്ക് ഓടിച്ച് കയറ്റി.[www.malabarflash.com]
കെട്ടിടത്തിന് മുകളിൽ നിന്ന് ആത്മഹത്യാഭീഷണി മുഴക്കിയതോടെ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി കെട്ടിടത്തിന് മുകളിൽ നടത്തിയ തെരച്ചിലിൽ വാട്ടർ ടാങ്കിൽ ഒളിച്ചുനിന്ന കള്ളനെ കൈയ്യോടെ പിടികൂടി. കണ്ണൂർ കക്കാട് സ്വദേശി മുജീബാണ് പിടിയിലായത്. ഇയാൾക്കെതിരെ പള്ളിക്കമ്മറ്റി നൽകിയ പരാതിയിൽ കേസെടുത്തു. മുജീബിൽ നിന്ന് പണമൊന്നും കണ്ടെത്താനായിട്ടില്ല.
പ്രതിക്കെതിരെ നേരത്തെ സമാനമായ കേസുണ്ടെന്നും പോലീസ് പറയുന്നു. മോഷണത്തിന് മറ്റാരെങ്കിലും സഹായിച്ചോ എന്നതടക്കം പോലീസ് അന്വേഷിക്കും. മലപ്പുറം പോലീസ് കേസിൽ അന്വേഷണം തുടങ്ങി
0 Comments