NEWS UPDATE

6/recent/ticker-posts

തിരുവനന്തപുരം സ്വദേശിയെ ഷാര്‍ജയിലെ മരുഭൂമിയിൽ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ; രണ്ട് പാകിസ്താൻ സ്വദേശികൾ പിടിയിൽ

ഷാർജ: തിരുവനന്തപുരം മുക്കോല സ്വദേശി ബിവിനത്തില്‍ അനില്‍കുമാര്‍ വിന്‍സെന്റിനെ (60) ഷാര്‍ജയിലെ മരുഭൂമിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദുബൈയിലെ വസ്ത്ര മൊത്തവ്യാപാരകേന്ദ്രത്തില്‍ 36 വര്‍ഷമായി പി.ആര്‍.ഒ. ആയി ജോലിചെയ്യുകയായിരുന്നു.[www.malabarflash.com]

കമ്പനിയുടെ അവീറിലെ ഗോഡൗണില്‍ ഈ മാസം രണ്ടിന് തുണിയുടെ സ്റ്റോക്കെടുക്കാന്‍ പോയതായിരുന്നു. കൂടെ മൂന്ന് പാകിസ്താന്‍ സ്വദേശികളും ഉണ്ടായിരുന്നു. സ്റ്റോക്കെടുക്കുന്നതിനിടയില്‍ പ്രതികള്‍ അനില്‍കുമാറിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. മുന്‍വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

സ്ഥാപനത്തില്‍ പാകിസ്താന്‍ സ്വദേശികള്‍ നടത്തിയ സാമ്പത്തികതിരിമറി അനില്‍കുമാര്‍ ഉടമയെ അറിയിച്ചതിന്റെ പക വീട്ടിയതായിരിക്കുമെന്നാണ് കണക്കാക്കുന്നത്. കൊലപാതകത്തിനുശേഷം കൃത്യം പുറത്തറിയാതിരിക്കാന്‍ മൃതദേഹം പ്രതികളെന്ന് സംശയിക്കുന്നവര്‍ ഷാര്‍ജയില്‍ മരുഭൂമിയില്‍ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ രണ്ട് പാകിസ്താന്‍ സ്വദേശികള്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരാള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുന്നു.

അനില്‍കുമാറിനെ ഈ മാസം രണ്ടുമുതല്‍ കാണാനില്ലെന്ന് കാണിച്ച് പോലീസിന് എട്ടാംതീയതിയാണ് പരാതി ലഭിക്കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഷാര്‍ജയിലെ മരുഭൂമിയില്‍നിന്ന് 12-ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടക്കത്തില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്ന പാകിസ്താന്‍ സ്വദേശികള്‍തന്നെ അനില്‍കുമാറിനെ അന്വേഷിക്കാനും മുന്നിലുണ്ടായിരുന്നു. കൊലയ്ക്ക് മുന്‍പ് ഗോഡൗണിലെ സി.സി.ടി.വി. ക്യാമറ പ്രതികള്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയായിരുന്നു.

ജില്ലാപ്രവാസി കൂട്ടായ്മയായ ടെക്‌സാസ് വൈസ് പ്രസിഡന്റാണ് അനില്‍കുമാര്‍. പരേതനായ വിന്‍സെന്റിന്റെയും റീത്തയുടെയും മകനാണ്. ഭാര്യ: ബ്രിജില. മക്കള്‍: ബിവിന്‍ (എം.ബി.എ. വിദ്യാര്‍ഥി), ബിയ (പ്ലസ് ടു വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: അശോക് കുമാര്‍ (ദുബൈ), ഉഷ, ലത, ബിന്ദു. മൃതദേഹം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.

Post a Comment

0 Comments